തിരുവനന്തപുരം: കമ്യൂണിസ്റ്റ് പാർട്ടികളേയും നേതാക്കളേയും മോശമായി ചിത്രീകരിക്കുന്ന സിനിമയാണ് കേരള സ്റ്റോറിയെന്നും അത് പ്രദർശിപ്പിക്കുന്നതിൽ നിന്നും ദൂരദർശൻ പിൻമാറണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. പ്രസ്താവനയിലൂടെയാണ് സിപിഎം നേതൃത്വം ഇക്കാര്യം ആവശ്യപ്പെട്ടത്.
ഏപ്രിൽ അഞ്ചിന് വെള്ളിയാഴ്ച രാത്രി എട്ട് മണിക്ക് ചിത്രം സംപ്രേഷണം ചെയ്യുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇത് കേരളത്തോടുള്ള വെല്ലുവിളിയാണെന്നും ചിത്രം ഇറങ്ങിയകാലത്തു തന്നെ ശക്തമായ പ്രതിഷേധം ഉയർന്നുവന്നതാണെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറയുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ രാഷ്‌ട്രീയ ലക്ഷ്യത്തോടെയുള്ള ബിജെപിയുടെ നീക്കമാണ് സിനിമ പ്രദർശിപ്പിക്കുന്നതിന് പിന്നിലുള്ളതെന്നും സിപിഎം ആരോപിക്കുന്നു. ഒരു മണ്ഡലത്തിലും ബിജെപിക്ക് മുന്നേറാനായിട്ടില്ലെന്ന യാഥാർത്ഥ്യമുണ്ട്. ആ സാഹചര്യത്തിലാണ് വർഗ്ഗീയ വിഷം ചീറ്റുന്ന സിനിമ പ്രദർശനവുമായി ദൂരദർശൻ മുന്നോട്ടുവരുന്നത്. അത്തരം നീക്കങ്ങളെ മതനിരപേക്ഷ കേരളം ജാഗ്രതയോടെ പ്രതിരോധിക്കുമെന്നും സിപിഎം പറയുന്നു. ബിജെപിയുടെ ശ്രമത്തിന് ദൂരദർശൻ പോലുള്ള പൊതുമേഖലാ മാദ്ധ്യമ സ്ഥാപനം കൂട്ടുനിൽക്കരുതെന്നും പ്രസ്താവനയിൽ പറയുന്നു.
കേരളത്തിലെ ജനങ്ങളെയാകെ അധിക്ഷേപിക്കുന്ന സിനിമ പ്രദർശിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് ദൂരദർശൻ പിന്മാറണം. പത്ത് രംഗങ്ങൾ ഒഴിവാക്കണമെന്ന് സെൻസർ ബോർഡ് തന്നെ നിർദേശിച്ച ചിത്രമാണിതെന്നും പ്രസ്താവനയിൽ സിപിഎം പറയുന്നു. ചിത്രം ദൂരദർശനിൽ പ്രദർശിപ്പിക്കുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു.
കേരളത്തിൽ നിന്നും പ്രണയക്കെണിയിൽപ്പെടുത്തി ഭീകരസംഘങ്ങളിലേക്ക് പെൺകുട്ടികളെ റിക്രൂട്ട് ചെയ്യുന്ന കഥയാണ് സിനിമ പറയുന്നത്. ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ സിപിഎം ഉൾപ്പെടെ പ്രതിഷേധവുമായി എത്തിയിരുന്നെങ്കിലും വിലപ്പോയിരുന്നില്ല.