വയനാട്: കേരളത്തിലെ ഇടതുപക്ഷവും കോൺഗ്രസും അഴിമതിക്കാരാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കരുവന്നൂരിലെയും പുൽപ്പള്ളിയിലെയും തട്ടിപ്പിന് പിന്നിൽ ഇവരാണ്. ജനങ്ങൾക്ക് മുന്നിൽ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആരാണെന്ന ചോദ്യം ഇപ്പോഴും നിലനിൽക്കുകയാണ്. എന്തിനാണ് പ്രതിപക്ഷം നിലകൊള്ളുന്നതെന്ന് അവർക്ക് പോലും അറിയില്ലെന്നും സ്മൃതി ഇറാനി പരിഹസിച്ചു. വിഭാഗീയതയ്‌ക്കും പ്രധാനമന്ത്രിക്കെതിരെ ദുഷിപ്പ് പറയാനും മാത്രമായാണ് പ്രതിപക്ഷം നിലകൊള്ളുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ജനം ടിവിയുടെ ദ ബിഗ് ഇന്റർവ്യൂവിൽ ചീഫ് എഡിറ്റർ പ്രദീപ് പിള്ളയുമായി സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി.
കേന്ദ്രസർക്കാർ പദ്ധതികളുടെ പേര് മാറ്റി ക്രെഡിറ്റ് അടിച്ചെടുക്കുന്ന സംവിധാനം കേരളത്തിൽ മാത്രമല്ല പശ്ചിമബംഗാളിലും ഉണ്ട്. പ്രധാനമന്ത്രിയെ തോൽപ്പിക്കാൻ കഴിയാത്തത് കൊണ്ട് ഇതിലൂടെ അദ്ദേഹത്തെ കോപ്പിയടിക്കുകയാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പ്രധാനമന്ത്രി നാല് കോടി വീടുകളാണ് ജനങ്ങൾക്ക് നൽകിയത്. കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികൾ നടപ്പാക്കി. കേരളത്തിൽ പോലും പ്രധാനമന്ത്രിയുടെ വികസന മാതൃകകൾ കാണാനായെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രധാനപ്രചാരണ വിഷയം മോദി തന്നെയാണ്. അദ്ദേഹം പദ്ധതികൾ നടപ്പാക്കുന്നു. 2047-ൽ ഭാരതത്തെ വികസിത രാഷ്‌ട്രമാക്കി മാറ്റാനാണ് പ്രധാനമന്ത്രി ലക്ഷ്യം വയ്‌ക്കുന്നത്. 2024-ലേക്കുള്ള പദ്ധതികൾ പോലും പ്രതിപക്ഷം മുന്നോട്ട് വയ്‌ക്കുന്നില്ല. പ്രതിപക്ഷത്തിന് ആത്മനിർഭർ ഭാരതിലോ സാമ്പത്തിക പുരോഗതിയിലോ വിശ്വാസമില്ല. മേക്ക് ഇൻ ഇന്ത്യയെ അംഗീകരിക്കാനോ ഇക്കൂട്ടർ തയ്യാറാകുന്നില്ല.
പ്രതിപക്ഷത്തിന്റെ അവകാശ വാദങ്ങൾക്ക് പകരം കണക്കുകളാണ് കേന്ദ്രസർക്കാർ നിരത്തുന്നത്. ജിഎസ്ടി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ രാജ്യത്തിന്റെ പുരോഗതി നേരിൽ കാണാൻ സാധിക്കുന്നു. രാഹുലിന്റെ അവിശുദ്ധ കൂട്ടുകെട്ടൊന്നും ആരും ശ്രദ്ധിക്കുന്നില്ല. അദ്ദേഹത്തിന്റെ വാക്കുകൾ മാത്രമാണ് പലമാദ്ധ്യമങ്ങളും എടുത്ത് കാട്ടുന്നത്. സത്യസന്ധമായ വിവരങ്ങൾ ജനങ്ങളെ അറിയിക്കുന്നതിൽ ജനം ടിവിയോട് നന്ദി പറയുന്നുവെന്നും സ്മൃതി ഇറാനി പറഞ്ഞു.
ഇഡിയുടെ ഒമ്പത് സമൻസുകളാണ് അരവിന്ദ് കെജ്‌രിവാൾ തള്ളിക്കളഞ്ഞത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പിൽ മാസങ്ങൾക്ക് മുൻപേ നൽകിയ സമൻസാണിത്.ഇവയെല്ലാം അദ്ദേഹം തള്ളിക്കളഞ്ഞു. അന്വേഷണ ഏജൻസിയെ ബഹുമാനിക്കാൻ പോലും തയ്യാറായില്ല. കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ അമിത് ഷായ്‌ക്കെതിരെയും ശക്തമായ നടപടികൾ ഉണ്ടായിട്ടുണ്ട്. അദ്ദേഹം കരയുകയോ കുടുംബം പത്രസമ്മേളനം നടത്തുകയോ ചെയ്തില്ല. എല്ലാവരും നിയമത്തിന് കീഴിലാണ്.
കോടിക്കണക്കിന് രൂപയുടെ അഴിമതി സുപ്രീംകോടതി കണ്ടെത്തിക്കഴിഞ്ഞാൽ കോടതിയുടെ നിരീക്ഷണം തെറ്റാണെന്ന് കരുതേണ്ടതുണ്ടോ. മദ്യനയക്കേസിൽ അഴിമതി നടന്നെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. അഴിമതിയെ റൊമാന്റിസൈസ് ചെയ്യാൻ സാധിക്കില്ല. അതുകൊണ്ട് കേസ് നേരിടാൻ കെജ്‌രിവാൾ തയ്യാറാകണം. അല്ലാതെ മൈക്കിന് മുന്നിൽ ഭാര്യയെ എത്തിച്ച് കരയുകയല്ല വേണ്ടതെന്നും സ്മൃതി ഇറാനി പരിഹസിച്ചു.















