നായക സ്ഥാനം തെറിച്ചതിന് പിന്നാലെ പ്രതികരണവുമായി പാകിസ്താൻ പേസർ ഷഹീൻ ഷാ അഫ്രീദി. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം നിരാശ പ്രകടമാക്കിയത്. സിംഹത്തിന്റെ ചിത്രത്തിനൊപ്പം പങ്കുവച്ച ഒറ്റവരിയിലായിരുന്നു പ്രതികരണം. ‘എന്റെ ക്ഷമ പരീക്ഷിക്കരുത്” എന്ന വാചകമായിരുന്നു അതിലുണ്ടായിരുന്നത്.
ഏകദിന ലോകകപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെയാണ് പാകിസ്താൻ നായകനായിരുന്ന ബാബർ അസമിനെ മൂന്ന് ഫോർമാറ്റിൽ നിന്നും ഒഴിവാക്കി പുതിയ ക്യാപ്റ്റന്മാരെ നിയമിച്ചത്. എന്നാൽ മാസം രണ്ടു തികയും മുൻപെ ടി20 നായകനായിരുന്ന ഷഹീൻ അഫ്രീദിയുടെ സീറ്റ് തെറിച്ചു. ഏറ്റെടുത്ത ആദ്യ ചുമതല തന്നെ അമ്പേ പരാജയപ്പെട്ടതോടെയാണ താരത്തിന്റെ ഇരിപ്പിടം നഷ്ടമായത്.
പുതിയ പിസിബി ചെയർമാൻ വന്നതും അഫ്രീദിക്ക് തിരിച്ചടിയായി. ഇതോടെയാണ് പഴയ ക്യാപ്റ്റനെ തന്നെ തിരികെ കൊണ്ടുവരാൻ പിസിബി നിർബന്ധിതരായത്. എന്നാൽ ക്യാപ്റ്റനെന്ന നിലയിൽ അഫ്രീദിക്ക് അല്പം കൂടി സമയം നൽകാമായിരുന്ന എന്ന ചർച്ചകൾ പല കോണുകളിൽ നിന്നും ഉയർന്നു. പിസിബിയുടെ തീരുമാനത്തിൽ ഷഹീൻ അസ്വസ്ഥനും അതിലുപരി നാണംകൊടുകയും ചെയ്തു. ആരാധകരും താരത്തെ സോഷ്യൽ മീഡിയയിൽ ആക്ഷേപിച്ചു. ബാബർ അസം പക വീട്ടിയെന്നാണ് അവരുടെ പക്ഷം.