തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർദ്ധിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 11 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കൊല്ലം, പാലക്കാട് എന്നീ ജില്ലകളിൽ 40 ഡിഗ്രി വരെ താപനില ഉയരുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
തൃശൂരിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കോഴിക്കോട് എന്നീ ജില്ലകളിൽ 37 ഡിഗ്രി വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. ഏപ്രിൽ ഒമ്പത് വരെയുള്ള താപനില മുന്നറിയിപ്പാണ് പുറത്തുവിട്ടിരിക്കുന്നത്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും അസ്വസ്ഥതയുള്ള കാലാവസ്ഥ സൃഷ്ടിച്ചേക്കാം.















