വയനാട് : കൽപ്പറ്റ സുഗന്ധഗിരിയിലെ അനധികൃത മരംമുറി കേസിൽ രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെപി സജിപ്രസാദ്, എംകെ വിനോദ് കുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഔദ്യോഗിക കൃത്യനിർവ്വഹണത്തിലെ വീഴ്ചയെ തുടർന്നാണ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരിക്കുന്നത്.
പ്രദേശത്ത് നടന്ന അനധികൃത മരംമുറി ശ്രദ്ധയിൽപ്പെട്ടിട്ടും തടയുകയോ റിപ്പോർട്ട് ചെയ്യുകയോ ചെയ്തില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വനംവകുപ്പിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ഇത് കണ്ടെത്തിയത്. സംഭവത്തിൽ മൂന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
സുഗന്ധഗിരി കാഡമം പ്രോജക്ടിന്‍റെ ഭാഗമായി പതിച്ചു നൽകിയ ഭൂമിയിലാണ് മരംമുറി നടന്നത്. വനംവകുപ്പ് അറിയാതെ 71 മരങ്ങളാണ് മുറിച്ചുമാറ്റിയത്. നാട്ടുകാർക്ക് ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാനുള്ള അനുമതിയുടെ മറവിലാണ് 71 മരങ്ങൾ മുറിച്ചു കടത്തിയത്. ഇതിന് ഒത്താശ ചെയ്ത് കൊടുത്തത് വനം വാച്ചർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരാണെന്നും കണ്ടെത്തിയിരുന്നു.
ഈ വർഷം ജനുവരിയിലാണ് റോഡിനും വീടുകൾക്കും ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിക്കാൻ അനുമതി നൽകിയത്. 20 മരങ്ങൾ മുറിക്കാനാണ് അനുമതി ഉണ്ടായിരുന്നത്. എന്നാൽ അനുമതിയെ മറയാക്കി 50 മരങ്ങൾ കൂടി മുറിക്കുകയായിരുന്നു.















