യമുനാനഗർ: ഈദ് പെരുന്നാളിനോടനുബന്ധിച്ച് വീട് മോടിപിടിക്കാൻ മണ്ണെടുക്കവെ ഉണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. യമുനാനഗറിലെ റാത്തോളിയിലാണ് മണ്ണിടിച്ചിലുണ്ടായത്. സംഭവത്തിൽ ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
സംഭവ സമയം ഇവിടെ എട്ട് പേരായിരുന്നു ഉണ്ടായിരുന്നത്. രണ്ട് കുട്ടികൾ, ഒരു പുരുഷൻ, അഞ്ച് സ്ത്രീകൾ എന്നിവരായിരുന്നു സ്ഥലത്തുണ്ടായിരുന്നത്. ഇവരിൽ രണ്ട് സ്ത്രീകളാണ് മണ്ണിടിച്ചിലിൽ അകപ്പെട്ട് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം.
ആളുകളുടെ മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണതെന്ന് സ്ഥലത്തെ പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നു. താഴെ ഭാഗത്ത് നിന്നും മണ്ണെടുക്കവെ മുകളിൽ നിന്നും മണ്ണിടിഞ്ഞ് വീഴുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.