ന്യൂഡൽഹി: നയതന്ത്ര പോരിനിടയിലും മാലദ്വീപിലേക്ക് അവശ്യസാധനങ്ങളുടെ ഉൾപ്പെടെ കയറ്റുമതിക്ക് അനുമതി നൽകി ഭാരതം. അരിയും ഗോതമ്പും ഉൾപ്പെടെയുളള സാധനങ്ങൾ വരുന്ന സാമ്പത്തിക വർഷത്തിലേക്ക് കയറ്റി അയയ്‌ക്കാനാണ് അനുമതി നൽകിയത്. മാലദ്വീപ് സർക്കാരിന്റെ അഭ്യർത്ഥന കണക്കിലെടുത്താണ് നടപടി.
മാലിയിലെ ഇന്ത്യൻ ഹൈക്കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. ഉഭയകക്ഷി ചാനൽ വഴിയാകും കയറ്റുമതി. 1981 മുതൽ ഈ സംവിധാനം നിലവിൽ വന്ന ശേഷം ഏറ്റവും ഉയർന്ന തോതിലുളള കയറ്റുമതിക്കാണ് അനുമതി നൽകിയിരിക്കുന്നത്.
ആഭ്യന്തര ഉപഭോഗം ചൂണ്ടിക്കാട്ടി 2022 മെയ് മാസത്തിൽ ഗോതമ്പ് കയറ്റുമതിയും 2023 ജൂലൈയിൽ ബസുമതി ഇതര അരിയുടെ കയറ്റുമതിയും ഇന്ത്യ നിരോധിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിൽ ഉള്ളിയുടെ കയറ്റുമതിയും ഇന്ത്യ നിരോധിച്ചു. എന്നാൽ അയൽരാജ്യങ്ങളായ ബംഗ്ലാദേശ്, യുഎഇ, ഇന്തോനേഷ്യ തുടങ്ങിയ ഇടങ്ങളിൽ ഭക്ഷ്യസാധനങ്ങളുടെ കയറ്റുമതി ഇന്ത്യ തുടർന്നിരുന്നു.
2024-25 കാലയളവിൽ 124,218 ടൺ അരിയും 109,162 ടൺ ഗോതമ്പും 64,494 ടൺ പഞ്ചസാരയും 35,749 ടൺ ഉള്ളിയും വിതരണം ചെയ്യാനാണ് അനുമതി നൽകിയിരിക്കുന്നത്. ഒരുപാട് വർഷങ്ങളായി ഭക്ഷ്യവസ്തുക്കൾക്കും മരുന്നുകൾക്കും മാലിദ്വീപ് ഇന്ത്യയെയാണ് ആശ്രയിക്കുന്നത്.
ഇക്കഴിഞ്ഞ ജനുവരിയിൽ, പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഭാരതത്തെയും അവഹേളിക്കുന്ന തരത്തിൽ മാലദ്വീപ് മന്ത്രിമാർ നടത്തിയ പരാമർശം വലിയ വിവാദം സൃഷ്ടിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന്റെ വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു മന്ത്രിമാരുടെ അധിക്ഷേപം. മാലദ്വീപ് മന്ത്രിമാരായ മറിയം ഷിവുന, മൽഷ ഷെരീഫ്, മഹ്സ് മജീദ് എന്നിവരാണ് പ്രധാനമന്ത്രിയെ അവഹേളിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് പങ്കുവച്ചത്.
വലിയ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും ഇത് വഴിവച്ചിരുന്നു. രാഷ്‌ട്രീയ സാമൂഹ്യ രംഗത്തെ നിരവധി പേർ ഇതിനെതിരെ പ്രതികരിച്ച് രംഗത്തെത്തി. ലക്ഷദ്വീപ് വികസനത്തിലൂടെ ഇന്ത്യ മാലദ്വീപിനെയാണ് ലക്ഷ്യം വയ്‌ക്കുന്നത് എന്നതുൾപ്പടെയുള്ള വിവാദ പരാമർശങ്ങളാണ് മന്ത്രിമാർ നടത്തിയത്.