ചെന്നൈയെ സമ്പൂർണ മേഖലയിലും നിഷ്പ്രഭമാക്കി സീസണിലെ രണ്ടാം ജയം സ്വന്തമാക്കി പാറ്റ് കമ്മിൻസിന്റെ സൺറൈസേഴ്സ് ഹൈദരാബാദ്. ചെന്നൈ ഉയർത്തിയ 166 റൺസ് വിജയലക്ഷ്യം 11 പന്ത് ശേഷിക്കെ നാലു വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു. അഭിഷേക് ശർമ്മയുടെ കൗണ്ടർ അറ്റാക്കോടെയാണ് ഹൈദരാബാദ് ഇന്നിംഗ്സ് ആരംഭിച്ചത്. 12 പന്തിൽ 37 റൺസടിച്ച താരം സൺറൈസേഴ്സിന് ആശിച്ച തുടക്കമാണ് സമ്മാനിച്ചത്. ട്രാവിസ് ഹെഡുമായി ചേർന്ന് ആദ്യ വിക്കറ്റിൽ 46 റൺസിന്റെ കൂട്ടുക്കെട്ടാണ് ഉയർത്തിയത്. പിന്നാലെ ക്രീസിലെത്തിയ എയ്ഡൻ മാർക്രവും ആക്രണം അഴിച്ചുവിട്ടതോടെ ചെന്നൈക്ക് മറുപടിയുണ്ടായിരുന്നില്ല.
ഹെഡും മാർക്രവും ചേർന്ന് ചെന്നൈ ബൗളർമാരെ തല്ലിയൊതുക്കി. 42 പന്തിൽ 60 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് ഈ സഖ്യം വേർ പിരിഞ്ഞത്. 31 റൺസുമായി ഹെഡ് ആദ്യം വീണു. 13-ാം ഓവറിൽ അർദ്ധ സെഞ്ച്വറിയുമായി മാർക്രം കളം വിടുമ്പോൾ ഹൈദരാബാദ് ജയം ഉറപ്പിച്ചിരുന്നു.
ഷഹബാസ് അഹമ്മദ്(18), ഹെന്റിച്ച് ക്ലാസൻ(10),നിതീഷ് റെഡ്ഡി(14) എന്നിവർക്ക് ജയം അനായസമാക്കുക എന്ന ജോലി മാത്രമെ ഉണ്ടായിരുന്നുള്ളു. ഇംപാക്ട് പ്ലെയറായി എത്തി ഓരോവർ എറിഞ്ഞ മുകേഷ് ചൗദരി 27 റൺസാണ് വിട്ടുനൽകിയത്. ദീപ് ചഹർ,മഹീഷ് തീക്ഷണ എന്നിവർ ഓരോ വിക്കറ്റ് വീതം നേടിയപ്പോൾ മോയിൻ അലിക്ക് രണ്ടുവിക്കറ്റ് ലഭിച്ചു.