ലക്‌നൗ: നാടിന്റെ സുരക്ഷയ്‌ക്ക് ഭീഷണിയായി ആര് നിലകൊണ്ടാലും അവരുടെ അന്ത്യകർമ്മങ്ങൾ ചെയ്യുമെന്ന് ഉറപ്പാക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ക്രിമിനലുകളെ വളരാൻ അനുവദിക്കില്ലെന്നും, ഓരോ പൗരന്റേയും സുരക്ഷ ഉറപ്പാക്കിക്കൊണ്ട് മാത്രമായിരിക്കും സർക്കാർ മുന്നോട്ട് പോവുകയെന്നും അദ്ദേഹം വ്യക്തമാക്കി. അലിഗഢിൽ ബിജെപി സ്ഥാനാർത്ഥി സതീഷ് കുമാർ ഗൗതമിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
” പെൺകുട്ടികൾക്കും അമ്മമാർക്കും ബിസിനസുകാർക്കുമെല്ലാം ആശങ്കയില്ലാതെ പുറത്തിറങ്ങി നടക്കാനാകുമെന്ന് കുറച്ച് നാളുകൾക്ക് മുൻപ് വരെ ആരും കരുതിയിരുന്നില്ല. നമ്മുടെ നാട്ടിലെ ജനങ്ങളുടെ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ക്രിമിനലുകളുടെ ഇല്ലാതാക്കുമെന്ന് ഞങ്ങൾ ഉറപ്പാക്കുന്നുണ്ട്. ഭഗവാൻ രാമന്റെ നാമം ജപിച്ചു കൊണ്ടാണ് ഞങ്ങൾ ജീവിക്കുന്നത്. ഭഗവാൻ രാമനെ കൂടാതെ ഒന്നും സാധിക്കില്ല. എന്നാൽ സമൂഹത്തിന്റെ സുരക്ഷയ്‌ക്ക് ഒരാൾ ഭീഷണിയാണെങ്കിൽ അയാളുടെ അന്ത്യകർമ്മവും ഉറപ്പാണ്.
10 വർഷം മുൻപ് നമ്മളിൽ പലരും സ്വപ്‌നം കണ്ടത് ഇന്ന് ഇവിടെ യാഥാർത്ഥ്യമാവുകയാണ്. ജനങ്ങളുടെ വോട്ടിന്റെ മൂല്യം കൊണ്ടാണ് ഇത് സംഭവിക്കുന്നത്. തെറ്റായ രീതിയിൽ വോട്ട് നൽകിയാൽ അത് അഴിമതിയിലേക്ക് പോകും. സംസ്ഥാനത്ത് ഒരു സമയത്ത് അരാജകത്വം കൊടികുത്തി വാണിരുന്നു. സമാധാനത്തോടെ ജീവിക്കുക എന്നത് സാധ്യമായിരുന്നില്ല. നിയമലംഘനങ്ങൾ നടക്കുമ്പോഴും ആരും നടപടികൾ എടുത്തില്ല. എന്നാലിന്ന് ആ സാഹചര്യമെല്ലാം മാറിയിരിക്കുകയാണ്.
നിങ്ങളുടെ വോട്ട് നരേന്ദ്രമോദിക്ക് നൽകിയപ്പോൾ, അദ്ദേഹം നിങ്ങളുടെ ഭാവിക്ക് ഗ്യാരന്റി ഉറപ്പാക്കി. സംസ്ഥാനത്ത് ഇന്ന് ലോകോത്തര നിലവാരത്തിലുള്ള ഹൈവേകൾ, വിമാനത്താവളങ്ങൾ, പ്രതിരോധ ഇടനാഴികൾ, മെഡിക്കൽ കോളേജുകൾ, സ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവ നിർമ്മിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. മോദി സർക്കാരിന് വേണ്ടി മൂന്നാം തവണയും ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. അത് അവർ ഉറപ്പിച്ച് കഴിഞ്ഞിരിക്കുകയാണ്. മൂന്നാം മോദി സർക്കാർ അധികാരത്തിലെത്തിയാൽ മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നും” യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.















