തിരുവനന്തപുരം: കെ-ഫോൺ വഴിയുള്ള ഇന്റർനെറ്റ് സേവനം ഒച്ച് ഇഴയുമ്പോലെ നീങ്ങുമ്പോഴും ബില്ലടയ്‌ക്കണമെന്ന് വാശിപിടിച്ച് സംസ്ഥാന സർക്കാർ. കെ-ഫോൺ ഇന്റർനെറ്റ് ഉപയോഗിക്കുന്ന സർക്കാർ ഓഫീസുകളും സ്കൂളുകളും ഉടൻ ബിൽ അടയ്‌ക്കണമെന്നാണ് നിർദേശം. തടസമോ വേഗക്കുറവോ നേരിടുന്നില്ലെങ്കിൽ കെ-ഫോൺ അടിയന്തരമായി പ്രാഥമിക ഇന്റർനെറ്റ് കണക്ഷനായി ഉപയോഗിക്കണം. മറ്റ് ഇന്റർനെറ്റ് കണക്ഷനുകൾ ഉപയോഗിക്കുന്ന ഓഫീസുകൾ സർക്കാരിനെ അറിയിക്കാനും നിർദേശമുണ്ട്.
സർക്കാർ നടത്തി പരാജയപ്പെട്ട പദ്ധതികളിൽ പ്രധാനപ്പെട്ടതാണ് കെ-ഫോൺ പദ്ധതി. 30,000 സർക്കാർ ഓഫീസുകളിൽ കെ-ഫോൺ എത്തിക്കാൻ ലക്ഷ്യമിട്ടതിൽ ഡിസംബറിലെ കണക്കനുസരിച്ച് 18,000 കണക്ഷനുകളെ നൽകിയിട്ടുള്ളൂ. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് 14,000 സൗജന്യ കണക്ഷൻ നൽകാൻ തീരുമാനിച്ചതിൽ 5,000 പോലും നൽകാൻ കഴിഞ്ഞിട്ടില്ല.
കെ-ഫോൺ ഊർജ്ജിതമാക്കാൻ 20 Mbps മുതൽ 250 Mbps വരെ വേഗമുള്ള ഇന്റർനെറ്റ് ലഭിക്കുന്ന പ്ലാനുകളാണ് അവതരിപ്പിച്ചത്. മൂന്ന് മാസത്തേക്ക് 1,794 രൂപ മുതൽ 7,494 രൂപ വരെയായിരുന്നു വാടക. എന്നാൽ ആവശ്യക്കാർക്ക് വേഗതയേറിയ ഇന്റർനെറ്റ് മാത്രം കൊടുക്കാൻ കെ-ഫോണിന് സാധിച്ചില്ല.















