ചെന്നൈ: ബോട്ട് യാത്രയ്ക്കിടെ ഹൃദ്രോഗിയായ ശ്രീലങ്കൻ പൗരനെ രക്ഷപ്പെടുത്തി ഇന്ത്യൻ കോസ്റ്റ് ഗാർഡ്. തമിഴ്നാട്ടിലെ ചെന്നൈയിൽ നിന്ന് 100 നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം.
എഞ്ചിൻ തകരാർ മൂലം ശ്രീലങ്കൻ മത്സ്യബന്ധന ബോട്ട് (എസ്എൽഎഫ്‌വി) ‘കൽപേനി’ അപകടത്തിലാണെന്ന് ഭാരതീയ തീരസംരക്ഷണ സേനയുടെ മാരിടൈം റെസ്‌ക്യൂ കോർഡിനേഷൻ സെൻ്ററിന് (എംആർസിസി) കൊളംബോയിൽ നിന്ന് മുന്നറിയിപ്പ് ലഭിച്ചിരുന്നു. ആറ് ജീവനക്കാരുമായി മാർച്ച് 22-നാ യാത്ര പുറപ്പെട്ടതാണ് ബോട്ട്.
മാർച്ച് 28 മുതൽ ബോട്ടുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു. എഞ്ചിൻ തകരാർ മൂലം കടലിൽ ബോട്ട് ഒഴുകി നടക്കുകയാണ് എന്നായിരുന്നു എംആർസിസി കൊളംബോയുടെ നിഗമനം. എന്നാൽ പുതുച്ചേരി തുറമുഖത്ത് നിന്ന് 40 നോട്ടിക്കൽ മൈൽ അകലെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് ബോട്ട് കണ്ടെത്തി. പിന്നാലെ വെള്ളവും ഭക്ഷണവും ഉൾപ്പടെയുള്ള അവശ്യവസ്തുക്കൾ ഐസിജി എത്തിച്ച് നൽകി. ഐസിജിയുടെ സാങ്കേതിക സംഘം എഞ്ചിൻ തകരാർ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
തുടർന്ന് ബോട്ട് കണ്ടെത്തിയ വിവരം ശ്രീലങ്കൻ അധികൃതരെ അറിയിച്ചു. കോസ്റ്റ് ഗാർഡ് നിരന്തരം നിരീക്ഷിക്കുന്നതിനിടെയിലാണ് അംഗങ്ങളിൽ ഒരാൾക്ക് ശ്വാസം തടസവും നെഞ്ചുവേദനയും അനുഭവപ്പെട്ടത്. ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഉടനെ ഐസിജിഎസ് റാണി അബാക്ക എന്ന കപ്പൽ ബോട്ടിലേക്ക് അടുപ്പിച്ചു പ്രാഥമിക ചികിത്സ നൽകി. ഇതേ സമയം, ചെന്നൈ സ്ക്വാഡ്രണിൽ നിന്ന് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ (എഎൽഎച്ച്) സ്ഥലത്തെത്തി.
തുടർന്ന് നടത്തിയ ഓപ്പറേഷനിൽ ഹെലികോപ്റ്ററിന്റെ സഹായത്തോടെ രോഗിയെ ചെന്നൈയിലെ കോസ്റ്റ് ഗാർഡ് എയർ സ്റ്റേഷനിലെത്തിച്ചു. തുടർന്ന് 44-കാരനെ നഗരത്തിലെ ആശുപത്രിയിലേക്ക് നയിച്ചു. ബോട്ട് തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ശ്രീലങ്ക അറിയിച്ചു.















