ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ആം ആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി കോടതി നീട്ടി. ഏപ്രിൽ 18 വരെയാണ് കാലാവധി നീട്ടിയത്. കസ്റ്റഡി കാലാവധി അവസാനിച്ചതോടെ തിഹാർ ജയിലിൽ കഴിയുന്ന മനീഷ് സിസോദിയയെ ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു. സിസോദിയയുടെ ജാമ്യത്തിൽ ബുധനാഴ്ചയാണ് ഇനി വാദം കേൾക്കുന്നത്.
മദ്യനയകുംഭകോണ കേസിൽ മനീഷ് സിസോദിയ സമർപ്പിച്ച തിരുത്തൽ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയാണ് തള്ളിയത്.
ഡൽഹി സർക്കാരിന്റെ പഴയ മദ്യനയത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസിൽ 2023 ഫെബ്രുവരി 26നാണു സിബിഐ സിസോദിയയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം മാർച്ച് 9-ന് ഇഡിയും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. സർക്കാരിന്റെ മദ്യനയത്തിന്റെ മറവിൽ വൻ അഴിമതിക്ക് വഴിയൊരുക്കിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അറസ്റ്റിന് പിന്നാലെ ഫെബ്രുവരി 28 ന് മന്ത്രിസ്ഥാനത്തുനിന്നും സിസോദിയ രാജിവക്കുകയായിരുന്നു.