റമദാൻ മാസത്തിലെ ഇഹ്തികാഫിന്റെ ഭാഗമായി മസ്ജിദിൽ താമസിച്ച് ഖുറാൻ പഠനം നടത്തിയിരുന്ന 13-കാരനെ പീഡിപ്പിച്ചു. പാകിസ്താനിലെ മുസാഫർഘട്ടിലെ സനാവൻ ബുഖി ചൗക്കിലെ മസ്ജിദിലാണ് സംഭവം. ഇഹ്തികാഫ് ഭജനമിരിക്കാൻ എത്തിയ കൗമാരക്കാരനെയാണ് 28-കാരൻ പീഡനത്തിനിരയാക്കിയത്. മസ്ജിദിൽ യുവാവ് 13കാരനെ പീഡിപ്പിക്കുന്നത് മത പണ്ഡിതനാണ് കണ്ടത്. ഇതോടെ മത പണ്ഡിതനെ ഭീഷണിപ്പെടുത്തിയ യുവാവ് അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു.
മസ്ജിദിലെ ആളുകൾ പോലീസിനെ സമീപിച്ച് പ്രതിക്കെതിരെ പരാതി നൽകി. പിന്നാലെ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല. കുട്ടിയെ വൈദ്യപരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്, സംഭവവുമായി ബന്ധപ്പെട്ട് തുടർനടപടികൾക്കായി മെഡിക്കൽ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പൊലീസ്. അതേസമയം പ്രദേശത്ത് പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.
റമദാൻ മാസത്തിലെ അവസാന പത്തുദിവസം പള്ളിയിൽ താമസിച്ച് ആരാധന നടത്തുന്ന ചടങ്ങാണ് ഇഹ്തികാഫ്.