വേർപിരിഞ്ഞെങ്കിലും ദീർഘകാലം ഒപ്പം താമസിച്ചിരുന്ന യുവതിക്ക് ജീവനാംശ നൽകണമെന്ന് കോടതി. നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെങ്കിലും യുവതിക്ക് ജീവനാംശത്തിന് അനുമതിയുണ്ടെന്ന് കാട്ടിയാണ് മദ്ധ്യപ്രദേശ് ഹൈക്കോടതി യുവാവിന്റെ ഹർജി തള്ളിയത്.കൂടെ താമസിച്ചിരുന്ന സ്ത്രീക്ക് പ്രതിമാസം 1500 രൂപ വീതം നൽകണമെന്ന് വിചാരണക്കോടതി വിധി ചോദ്യം ചെയ്താണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ജെ.എസ് അലുവാലിയയുടെ ബെഞ്ചാണ് യുവാവിന്റെ ഹർജി തള്ളി ഉത്തരവിട്ടത്.
ശൈലേഷ് ബോപ്ചെ-അനിത ബോപ്ചെ എന്നിവരുടെ കേസാണ് കോടതി പരിഗണിച്ചത്. ഇവർക്ക് ഒരു കുട്ടിയുമുണ്ട്. ക്ഷേത്ര വിവാഹം പോലും ഇവർ നടത്തിയിട്ടില്ലെങ്കിലും ദീർഘകാലം നീണ്ടു നിന്ന ദാമ്പത്യത്തിൽ ഇരുവർക്കും ഒരു കുഞ്ഞു ജനിച്ചിട്ടുണ്ടെന്ന് നിരീക്ഷിച്ച കോടതി യുവതിക്ക് വരുമാനങ്ങളൊന്നുമില്ലാത്ത സാഹചര്യത്തിൽ ജീവനാംശത്തിന് അർഹതയുണ്ടെന്ന് വ്യക്തമാക്കി. തുടർന്ന് വിചാരണ കോടതിയുടെ വിധ ഹൈക്കോടതി ശരിവയ്‌ക്കുകയായിരുന്നു.















