ഐപിഎൽ തുടങ്ങുന്നതിന് മുൻപ് ചെന്നൈ താരം മഹേന്ദ്ര സിംഗ് ധോണിയും ആർ.സി.ബി താരം വിരാട് കോലിയും പുത്തൻ ലുക്കുകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇത് ആരാധകരുടെ ശ്രദ്ധയാകർഷിക്കുകയും പെട്ടെന്ന് വൈറലാവുകയും ചെയ്തു. ഇവരുടെ പുത്തൻ ലുക്കിന് പിന്നിൽ സെലിബ്രിറ്റി സ്റ്റൈലിസ്റ്റായ ആലിം ഹക്കിമായിരുന്നു. ഇന്ത്യയിലെ മികച്ച ഹെയർ സ്റ്റൈലിസ്റ്റുകളിൽ ഒരാളാണ് ആലിം ഹക്കിം. എത്ര തുകയാണ് താരങ്ങൾ ഓരോ ലുക്കിനും മുടക്കുന്നത് എന്നൊരു ചോദ്യം ആരാധകർക്കിടയിൽ എപ്പോഴും ഉയരാറുണ്ട്.
ഇതിനൊരു മറുപടിയുമായി ആലിം ഹക്കിം തന്നെ രംഗത്തുവന്നു. ബ്രൂട്ടിന് നൽകിയ അഭിമുഖത്തിലാണ് സ്റ്റൈലിസ്റ്റ് ഒരുമുടി വെട്ടിന് ഈടാക്കുന്ന തുകയെക്കുറിച്ച് പറഞ്ഞത്. ബോളിവുഡ് സെലിബ്രറ്റികളടക്കം ആലിം ഹക്കിമിന്റെ കസ്റ്റർമാരാണ്.
ഷാഹിദ് കപൂർ, രൺബീർ കപൂർ, രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ, വിരാട് കോഹ്‌ലി, മഹേന്ദ്ര സിംഗ്, സച്ചിൻ ടെൻഡുൽക്കർ എന്നിവരെല്ലാം ആലിമിന്റെ പട്ടികയിലുള്ളവരാണ്.“എന്റെ ഫീസിനെക്കുറിച്ച് അറിയാനാണ് എല്ലാവർക്കും താത്പ്പര്യം. അത് അടിസ്ഥാനപരമായ കാര്യമാണ്. സംഭവം എന്തുതന്നെയായാലും. എന്റെ ഏറ്റവും കുറഞ്ഞ നിരക്ക് ഒരു ലക്ഷം രൂപയാണ്.” ഹക്കിം വെളിപ്പെടുത്തി.