കോഴിക്കോട്: പിണറായി സർക്കാർ സ്ത്രീ പീഡകർക്കൊപ്പമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോഴിക്കോട് മെഡിക്കൽ കോളേജിൽ പീഡനത്തിനിരയായ യുവതിക്കൊപ്പമല്ല വേട്ടക്കാരനൊപ്പമാണ് സർക്കാർ നിൽക്കുന്നത്. അനധികൃതമായി സിപിഎം ക്രിമിനലുകളെ സർക്കാർ ആശുപത്രികളിൽ നിയമിക്കുന്നതാണ് ഇവിടുത്തെ സുരക്ഷിതത്വം ഇല്ലാതാക്കുന്നത്. യുവതിക്ക് വേണ്ടി നിലപാടെടുത്ത അനിത സിസ്റ്ററെ ദ്രോഹിക്കുന്നത് ഭരണകൂട ഭീകരതയാണെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കോടതി ഉത്തരവിട്ടിട്ട് പോലും സിസ്റ്റർ അനിതയുടെ നിയമനം സർക്കാർ തടഞ്ഞുവച്ചു. പിണറായി സർക്കാരിന്റെ സ്ത്രീവിരുദ്ധതയാണ് ഈ സംഭവത്തിലൂടെ വ്യക്തമാകുന്നത്. അതിജീവിതയെ സഹായിച്ചതാണ് സംസ്ഥാന സർക്കാർ അനിത സിസ്റ്ററിൽ കണ്ടെത്തിയ കുറ്റം. കേരളത്തിന്റെ ആരോഗ്യമന്ത്രി ഒരു മനസാക്ഷിയുമില്ലാതെയാണ് പെരുമാറുന്നത്. ലോകത്തിന് മുമ്പിൽ കേരളത്തെ നാണംകെടുത്തിയ വീണാ ജോർജ് രാജിവെക്കണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
ദേശീയതലത്തിൽ നാമമാത്രമായ സീറ്റിൽ മാത്രം മത്സരിക്കുന്ന ഒരു പാർട്ടിയാണ് സിപിഎം. കോൺഗ്രസിന്റെ കാരുണ്യത്തിലാണ് സിപിഎം മത്സരിക്കുന്നത്. അതുകൊണ്ടാണ് കേരളത്തിലും കോൺഗ്രസിനെ സുഖിപ്പിക്കാൻ മുഖ്യമന്ത്രി ബിജെപിയെ ആക്രമിക്കുന്നത്. കേരളത്തിൽ ബിജെപിയുടെ സീറ്റിന്റെ കാര്യം നോക്കുന്നതിന് മുമ്പ് മുഖ്യമന്ത്രി സ്വന്തം പാർട്ടിയുടെ കനൽത്തരി പോലും ഇത്തവണ കെട്ടുപോകുമെന്ന യാഥാർത്ഥ്യമെങ്കിലും മനസിലാക്കണം
ദേശീയ പാർട്ടി സ്ഥാനം നിലനിർത്താനുള്ള വോട്ടുവിഹിതം നിലനിർത്താൻ കോൺഗ്രസിന് അടിമപ്പണി ചെയ്യുകയാണ് സീതാറാം യെച്ചൂരി. കൂടാതെ കേരളത്തിൽ ബിജെപിയെ തോൽപ്പിക്കാൻ യുഡിഎഫുമായി ധാരണയുണ്ടാക്കിയിട്ടുണ്ടെന്ന് പിണറായി വിജയന്റെ വാക്കുകളിൽ നിന്ന് വ്യക്തമാണ്. എന്നാൽ ജനങ്ങൾ ഈ അവസരവാദ രാഷ്‌ട്രീയം തള്ളിക്കളയുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.















