തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായിരുന്ന ഒ പനീർശെൽവത്തിന്റെ സ്വതന്ത്ര സ്ഥാനാർത്ഥിത്വം കൊണ്ട് ഇക്കുറി ശ്രദ്ധേയമായ മണ്ഡലമാണ് രാമനാഥപുരം. തെക്കൻ തമിഴ്‌നാട്ടിലെ ആറ് നിയോജക മണ്ഡലങ്ങൾ ചേർന്ന ലോക്‌സഭാ മണ്ഡലം. 16.06 ലക്ഷത്തിലധികം വോട്ടർമാർ. ഭൂരിപക്ഷവോട്ടർമാരായ തേവർ സമുദായത്തിനൊപ്പം മുസ്ലീം വോട്ടുകളും വിധി നിർണയിക്കുന്ന മണ്ഡലം. ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ട് സഖ്യകക്ഷിയായ മുസ്ലീം ലീഗിന്റെ നവാസ് കാനിയെയാണ് ഇത്തവണയും ഡിഎംകെ രംഗത്തിറക്കിയത്. പക്ഷെ സ്വതന്ത്ര വേഷത്തിൽ ഒ പനീർശെൽവം പാർലമെന്റിലെ കന്നി അങ്കത്തിന് എത്തിയതോടെ ചിത്രം മാറി.
ചരിത്രം
രാമ-രാവണ യുദ്ധം ആരംഭിച്ചത് ഈ ഭൂമിയിൽ നിന്നെന്നാണ് ഐതീഹ്യം. ഹിന്ദു പുണ്യ നഗരമായ രാമേശ്വരം ഉൾപ്പെടുന്നതും ഇവിടെയാണ്. ചരിത്രം പരിശോധിക്കുമ്പോൾ 1063 സിഇ യിൽ രാജേന്ദ്ര ചോളൻ ഒന്നാമൻ ഇവിടം അദ്ദേഹത്തിന്റെ നിയന്ത്രണത്തിൽ കൊണ്ടുവന്നു. അങ്ങനെ രാമനാഥപുരം ചോള രാജവംശത്തിന്റെ കീഴിലായി. ബ്രിട്ടീഷ് കാലഘട്ടത്തിൽ ഇവിടം രാംനാട് എന്നാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് തമിഴകത്തിന്റെ ടച്ച് വരുന്നതിന് വേണ്ടി രാമനാഥപുരം എന്ന് പുനർനാമകരണം ചെയ്തു.
‘വൈഗ’ നദിയുടെ പ്രവേശന കേന്ദ്രമായി നിലനിൽക്കുന്ന പുണ്യഭൂമി. ഈ നദിയിലെ ജലമാണ് ഇവിടുത്തെ കർഷകർ കൃഷിക്കായി ഉപയോഗിക്കുന്നത്. അങ്ങനെ തമിഴകത്തിന്റെ കാർഷിക ഉൽപാദന മേഖലയിൽ വരെ ഇഴചേർന്നുകിടക്കുന്ന ഇടമാണിത്. വെല്ലുവിളികളെ അതിജീവിച്ച് മെട്രോമാൻ ഇ ശ്രീധരൻ യാഥാർത്ഥ്യമാക്കിയ പാമ്പൻ പാലം സ്ഥിതി ചെയ്യുന്നതും ഈ ജില്ലയിലാണ്. ജില്ലയുടെ തീരത്ത് നിന്നും ശ്രീലങ്ക വരെ നീണ്ടു കിടക്കുന്ന ചെറു ദ്വീപുകളുടെയും പവിഴ പുറ്റുകളുടെയും വലിയൊരു ശൃംഖല തന്നെ ഇവിടുണ്ട്.
കത്തുന്ന കച്ചത്തീവ്
രാജ്യത്തൊട്ടാകെ ചർച്ചയായ കച്ചത്തീവ് ദ്വീപിന്റെ സമീപ പ്രദേശമാണ് രാമനാഥപുരം. കച്ചത്തീവിലെ മത്സ്യബന്ധനവും തമിഴ്‌നാട്ടിൽ നിന്നുളള മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധികളും ഇക്കുറിയും രാമനാഥപുരത്തെ തെരഞ്ഞെടുപ്പ് വിഷയമാണ്. തമിഴ്‌നാടിന്റെ എഴുപത് കിലോമീറ്റർ തീരപ്രദേശവും രാമനാഥപുരത്താണ്. കച്ചത്തീവിനെ ശ്രീലങ്കയ്‌ക്ക് വിട്ടുകൊടുത്തതുമായി ബന്ധപ്പെട്ട വിവാദം രാമനാഥപുരത്തും ചർച്ചയായിക്കഴിഞ്ഞു. ഡിഎംകെയും കോൺഗ്രസും പ്രതിസ്ഥാനത്ത് നിൽക്കുമ്പോൾ ഈ വിഷയത്തിൽ തമിഴ്മക്കളെ ഒറ്റുകൊടുത്തത് ആരെന്ന ചോദ്യമാണ് ഒ പനീർശെൽവം ഉന്നയിക്കുന്നത്.
ഒരേയൊരു പനീർശെൽവം
നാമനിർദ്ദേശ പത്രിക നൽകിയതിന് പിന്നാലെ ഒ പനീർശെൽവം വാർത്തകളിൽ നിറഞ്ഞത് അപരൻമാരുടെ ആധിക്യം കൊണ്ടാണ്. മധുരയിൽ നിന്ന് വരെ ഒരു പനീർശെൽവം അപരനായി വന്ന് രാമനാഥപുരത്ത് പത്രിക നൽകി. ഒട്ടക്കര തേവർ മകൻ പനീർശെൽവമാണ് സാക്ഷാൽ ഒ പനീർശെൽവം. എന്നാൽ നാല് പനീർശെൽവൻമാരാണ് അപരവേഷത്തിലുളളത്. പക്ഷെ മത്സരത്തിലും വിജയസാദ്ധ്യതയിലും സാക്ഷാൽ പനീർശെൽവം ആത്മവിശ്വാസത്തിലാണ്.
പുരട്ച്ചി തലൈവി ജയലളിതയുടെ കരുത്തുറ്റ വിശ്വസ്തൻ
1951 ജനുവരി 14-ന് തമിഴ്നാട്ടിലെ പെരിയകുളത്താണ് ഒപിഎസ് എന്നറിയപ്പെടുന്ന ഒട്ടക്കര തേവർ പനീർശെൽവം ജനിച്ചത്. തേനിയിലെ കോളേജിൽ നിന്ന് ബിരുദം നേടി. ചായക്കട നടത്തുകയായിരുന്ന പനീർശെൽവം രാഷ്‌ട്രീയ പ്രവർത്തനവും തുടർന്നിരുന്നു. 1999 ലെ തെരഞ്ഞെടുപ്പിൽ ജയലളിതയുടെ തോഴി ശശികലയുടെ ബന്ധു ടിടിവി ദിനകരന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കൈകാര്യം ചെയ്തത് പനീർശെൽവമായിരുന്നു. ആ അടുപ്പമാണ് പനീർശെൽവത്തെ ജയലളിതയുടെ അടുത്തേക്ക് എത്തിച്ചത്. അവിടെ നിന്നാണ് ജയലളിതയുടെ വിശ്വസ്തനിലേക്ക് ഒപിഎസ് വളർന്നത്.
1996 മുതൽ 2001 വരെ പെരിയകുളം നഗരസഭാ ചെയർമാനായിരുന്നു. തേനി ജില്ലയിലെ ബോഡിനായ്‌ക്കനൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ സംസ്ഥാന രാഷ്‌ട്രീയത്തിൽ ചുവടുറപ്പിച്ചു. സംസ്ഥാനത്തിന്റെ ഖജനാവ് സൂക്ഷിക്കുന്ന ധനമന്ത്രിയും പൊതുമരാമത്ത് മന്ത്രിയായുമൊക്കെ അധികാര ഇടനാഴികളിൽ ജയലളിതയ്‌ക്കൊപ്പം തോളോട് തോൾ ചേർന്ന് നിന്ന കരുത്തനായി പിന്നീട് ഒപിഎസ് വളർന്നു. 2001 ലും 2014 ലും ജയലൡതയ്‌ക്ക് മുഖ്യമന്ത്രി പദത്തിൽ നിന്ന് ഇറങ്ങേണ്ടി വന്നപ്പോൾ പകരക്കാരനായി നിയോഗിച്ചത് പനീർശെൽവത്തെയാണ്.
രാഷ്‌ട്രീയത്തിലേക്കുള്ള നാൾ വഴികളിലൂടെ
രാഷ്‌ട്രീയ ജീവിതത്തിൽ നിന്ന് പനീർശെൽവം നേടിയെടുത്ത വിശ്വാസ്യത തന്നെയാണ് അദ്ദേഹത്തിന്റെ വിജയവും. സഹപ്രവർത്തകരോടും സമൂഹത്തോടും കാണിക്കുന്ന ആത്മാർത്ഥയും പ്രതിബന്ധതയും രാഷ്‌ട്രീയത്തിലേക്ക് കടന്നുവരുന്ന ഭാവി തലമുറയ്‌ക്ക് പോലും പ്രചോദനമാണ്. ജയലളിത അഴിമതി കേസിൽ കുടുങ്ങി അധികാരത്തിൽ നിന്ന് മാറി നിൽക്കേണ്ടി വന്നപ്പോൾ പകരക്കാരനായെങ്കിലും ജയലളിത ഉപയോഗിച്ച ഓഫീസോ മുഖ്യമന്ത്രി കസേരയോ ഉപയോഗിക്കാൻ ഒപിഎസ് തയ്യാറായില്ല. ജയലളിതയുടെ മരണത്തിനുശേഷം മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്ത പനീർശെൽവത്തിന് പാർട്ടിയിലെ തർക്കം കാരണം 2017 ഫെബ്രുവരി അഞ്ചിന് രാജിവക്കേണ്ടി വന്നു.
2001-ൽ പെരിയകുളം നിയമസഭാ മണ്ഡലത്തിൽ ഡിഎംകെ സ്ഥാനാർത്ഥി എം അബുതാഹിറിനെതിരെ 54. 20 ശതമാനം വോട്ട് നേടി ശെൽവം വിജയിച്ചു. 2006-ലും പെരിയകുളം നിയമസഭാ മണ്ഡലത്തിൽ ഡിഎംകെ സ്ഥാനാർത്ഥി എൽ മുഖ്യക്കെതിരെ 49. 81 വോട്ടുകൾക്ക് ജയിച്ചിരുന്നു. 2011, 2016,2021 കാലത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബോഡിനായ്‌ക്കൂർ മണ്ഡലത്തിൽ നിന്ന് ഡിഎംകെ സ്ഥാനാർത്ഥികൾക്കെതിരെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
രാഷ്‌ട്രീയത്തിൽ ഒരു നേതാവിന് ഏറ്റവും അത്യന്താപേഷിതമായി വേണ്ട ഒന്നാണ് വിശ്വാസ്യത. അതിൽ നൂറിൽ നൂറ് മാർക്കും കൊടുക്കാൻ സാധിക്കുന്ന വ്യക്തിത്വമാണ് പനിർശെൽവം. ഇത് തന്നെയാണ് പെരിയകുളം പോലുള്ള മണ്ഡലത്തിൽ നിന്ന് അദ്ദേഹം തുടർച്ചയായി തെരഞ്ഞെടുക്കപ്പെടുന്നതിനുള്ള പ്രധാന കാരണവും. ശെൽവത്തിൽ മുഖമുദ്രയാണിത്. രാഷ്‌ട്രീയ ജീവിതത്തിൽ നിന്ന് ശെൽവം നേടിയെടുത്ത വിശ്വാസ്യത തന്നെയാണ് അദ്ദേഹത്തിന്റെ വിജയവും. സഹപ്രവർത്തകരോടും സമൂഹത്തോടും കാണിക്കുന്ന ആത്മാർത്ഥയും പ്രതിബന്ധതയും രാഷ്‌ട്രീയത്തിലേക്ക് കടന്നുവരുന്ന ഭാവി തലമുറകൾക്ക് പ്രചോദനകരമായിരിക്കും.
രാമനാഥപുരം ലോക്സഭാ മണ്ഡലം
രാമനാഥപുരം ലോക്സഭാ മണ്ഡലം തമിഴ്‌നാട്ടിലെ 39 പാർലമെന്റ് മണ്ഡലങ്ങളിൽ ഒന്നാണ് രാമനാഥപുരം ലോക്സഭാ മണ്ഡലം. രാമനാഥസ്വാമി ക്ഷേത്രം, മുൻ രാഷ്‌ട്രപതി എപിജെ അബ്ദുൾ കലാമിന്റെ വസതി, പ്രസിദ്ധമായ ധനുഷ്‌കോടി ബീച്ച് തുടങ്ങിയ വിവിധ സാംസ്‌കാരിക പൈതൃക സ്ഥലങ്ങളാൽ സമ്പന്നമായ മണ്ഡലമാണിത്. കോൺഗ്രസ് ആറ് തവണയും എഐഎഡിഎംകെ നാല് തവണയും ഡിഎംകെ മൂന്ന് തവണയും അധികാരത്തിലെത്തി. രാഷ്‌ട്രീയ പ്രാധാന്യത്തിനപ്പുറം സാംസ്‌കാരിക പൈതൃകത്തിന് പേരുകേട്ടതാണ് രാമനാഥപുരം. പരമ്പരാഗതമായ കലാരൂപങ്ങൾ സംരക്ഷിക്കുന്ന ഇടമായും രാമനാഥപുരം അറിയപ്പെടുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രദ്ധ കേന്ദ്രീകരിക്കുകയും പ്രധാന്യം നൽകുകയും ചെയ്യുന്ന മണ്ഡലമാണ് രാമനാഥപുരം. തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും രാമനാഥപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമായി പങ്കെടുക്കുമെന്നാണ് വിവരം. ശക്തമായ തെരഞ്ഞെടുപ്പ് റാലിയും റോഡ് ഷോയും സംഘടിപ്പിക്കാനാണ് ദേശീയ നേതാക്കൾ പദ്ധതിയിടുന്നത്.
തമിഴ്നാട്ടിലെ 39 സീറ്റുകളിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പ് ഏപ്രിൽ 19-നാണ് നടക്കുക. രാജ്യത്തെ 543 ലോക്‌സഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് 19 മുതൽ ഏഴ് ഘട്ടങ്ങളിലായി നടക്കും. വോട്ടെണ്ണൽ ജൂൺ നാലിന് നടക്കും.