ജയ്പൂരിൽ കോലിയുടെ ഒറ്റയാൾ പോരാട്ടത്തിന്, സാംസൺ-ബട്ലർ സഖ്യത്തിലൂടെ മറുപടി നൽകി രാജസ്ഥാൻ റോയൽസ്.ആർ.സി.ബി ഉയർത്തിയ 184 റൺസ് വിജയലക്ഷ്യം 6 വിക്കറ്റ് ശേഷിക്കെ അനായാസം മറികടന്നു. രണ്ടാം അർദ്ധ സെഞ്ച്വറിയുമായി സാംസണും 69 (42) സീസണിൽ ആദ്യമായി ഫോമിലേക്കുയർന്ന് സെഞ്ച്വറിയടിച്ച 100 (58) ബട്ലറും ആർ.സി.ബി ബൗളർമാരെ തലങ്ങുംവിലങ്ങും ശിക്ഷിച്ചു. അഞ്ചു പന്ത് ബാക്കി നിൽക്കെയാണ് ആർ.സി.ബിയെ തല്ലിയൊതുക്കി പോയവർഷത്തെ കണക്കുവീട്ടിയത്.
ആദ്യ ഓവറിലെ രണ്ടാം പന്തിൽ യശസ്വി ജയ്സ്വാളിന്റെ വിക്കറ്റോടെയാണ് രാജസ്ഥാൻ ഇന്നിംഗ്സ് ആരംഭിച്ചത്. എന്നാൽ ജയ്സ്വാളിന്റെ പെട്ടെന്നുള്ള മടക്കം രാജസ്ഥാനെ തെല്ലും ബാധിക്കാതെയാണ് ക്രീസിൽ ഒന്നിച്ച സഞ്ജു-ബട്ലർ സഖ്യം റൺസ് സ്കോർ ചെയ്തത്. ഇടവേളകളിൽ സിക്സും ഫോറും ആർത്തലച്ച് ബൗണ്ടറിയിലെത്തി.
14-ാം ഓവറിൽ സിറാജിന്റെ പന്തിൽ സാംസൺ പുറത്താകുമ്പോൾ രാജസ്ഥാൻ വിജയത്തിന്റെ പടിവാതിലിലായിരുന്നു. 84 പന്തിൽ 125 റൺസാണ് ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത്. സാംസൺ മടങ്ങിയ ശേഷം തുടരെ രണ്ടു വിക്കറ്റുകൾ വീണെങ്കിലും ബട്ലർ- ഹെറ്റ്മെയർ ജോഡി രാജസ്ഥാനെ തുടർച്ചയായ നാലാം വിജയത്തിലേക്ക് നയിച്ചു.
റിയാൻ പരാഗ് (4),ധ്രുവ് ജുറേൽ(2) യശസ്വി ജയ്സ്വാൾ(0) എന്നിവരാണ് പുറത്തായ മറ്റു ബാറ്റർമാർ. ടോസ് നഷ്ടപ്പെട്ട് ജയ്പൂരിൽ ബാറ്റിംഗിനിറങ്ങിയ ആർ.സി.ബിയെ ഒറ്റയ്‌ക്ക് തോളേറ്റി കിംഗ് സീസണിലെ ആദ്യ സെഞ്ച്വറി സ്വന്തമാക്കിയിരുന്നു.72 പന്തിൽ 113 റൺസ് കുറിച്ച കോലിയുടെ പോരാട്ടമാണ് പാഴായത്.