തിരുവനന്തപുരം; ഐസിയു പീഡനക്കേസിൽ അതിജീവിതയ്‌ക്ക് അനുകൂലമായി മൊഴി നൽകിയതിന്റെ പേരിൽ സ്ഥലം മാറ്റിയ സീനിയർ നഴ്‌സിംഗ് ഓഫീസർ പിബി അനിതയെ കോഴിക്കോട് മെഡിക്കൽ കോളജിൽ തിരികെ നിയമിച്ച് സർക്കാർ. ഹൈക്കോടതി ഉത്തരവിനെ പോലും വെല്ലുവിളിച്ച ആരോഗ്യവകുപ്പിന്റെ നടപടി വ്യാപക വിമർശനത്തിനും പ്രതിഷേധത്തിനും വഴിവെച്ചതോടെയാണ് സർക്കാർ തീരുമാനം.
നിയമനം നീട്ടിക്കൊണ്ടുപോയാൽ കോടതിയിൽ നിന്ന് തിരിച്ചടി നേരിടേണ്ടി വരുമെന്ന ഭയവും സർക്കാരിന്റെ തീരുമാനത്തിന് പിന്നിലുണ്ട്. ഏപ്രിൽ ഒന്ന് മുതലാണ് നിയമനം നൽകിയിരിക്കുന്നതെന്നാണ് ഉത്തരവ്. വിരമിക്കൽ മൂലമുണ്ടായ ഒഴിവിലേക്കാണ് നിയമനമെന്നും ഉത്തരവിൽ പറയുന്നു. പക്ഷെ കഴിഞ്ഞ ദിവസം ഫയൽ ചെയ്ത റിവ്യൂ പെറ്റീഷനിലെ അന്തിമ വിധിക്ക് വിധേയമായിരിക്കും തീരുമാനമെന്നും ഉത്തരവിൽ പറയുന്നു.
അതിജീവിതയ്‌ക്കൊപ്പം നിന്നതിനാണ് അനിതയ്‌ക്കെതിരെ നടപടി സ്വീകരിച്ചത്. അനിതയ്‌ക്ക് നിയമനം നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടെങ്കിലും പാലിക്കാൻ ആരോഗ്യവകുപ്പ് തയ്യാറായില്ല. അനിതയെക്കാൾ അർഹരായവരുണ്ടെന്നും സെക്രട്ടറിയേറ്റിൽ നിന്നുളള ഉത്തരവില്ലാതെ ജോലിക്ക് പ്രവേശിപ്പിക്കാനാകില്ലെന്നുമായിരുന്നു നിലപാട്.
ഇതിനെതിരെ കഴിഞ്ഞ ആറ് ദിവസമായി മെഡിക്കൽ കോളേജിന് മുന്നിൽ സമരത്തിലായിരുന്നു അനിത. ബിജെപി ഉൾപ്പെടെയുളള രാഷ്‌ട്രീയ നേതൃത്വവും അനിതയെ പിന്തുണച്ച് എത്തിയതോടെ സർക്കാരും ആരോഗ്യവകുപ്പും പ്രതിക്കൂട്ടിലായി. വിഷയത്തിൽ അനിതയെ പഴിചാരിയ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്ജിന്റെ പ്രതികരണങ്ങളും വിവാദമായി.
അതിജീവിതയെ സംരക്ഷിക്കുന്നതിൽ അനിതയുടെ ഭാഗത്ത് നിന്ന് പിഴവ് സംഭവിച്ചെന്ന ആരോപണമായിരുന്നു ആരോഗ്യമന്ത്രി ഉന്നയിച്ചത്. എന്നാൽ ഇതിനെതിരെ അതിജീവിത തന്നെ രംഗത്തെത്തിയപ്പോൾ സംസ്ഥാനസർക്കാരിന്റെ പൊള്ളത്തരങ്ങൾ വീണുടഞ്ഞു. മാർച്ച് 1 ന് നിയമനം നൽകാൻ കോടതി ഉത്തരവിട്ടെങ്കിലും ഓഫീസിൽ ഫയലുകൾ എത്തിയിരുന്നില്ലെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ വാദം.















