ബംഗളൂരു: ബാംഗ്ലൂർ മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ബിഎംസിആർഐ) ഗേൾസ് ഹോസ്റ്റലിലെ മൂന്ന് പേർക്ക് കോളറ പോസിറ്റീവായി.
വയറിളക്കത്തിന്റെയും നിർജ്ജലീകരണത്തിന്റെയും ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് വെള്ളിയാഴ്ച വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബാംഗ്ലൂർ മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ബിഎംസിആർഐ) ഗേൾസ് ഹോസ്റ്റലിലെ 47 വിദ്യാർത്ഥികളിൽ മൂന്ന് പേർക്കാണ് കോളറ സ്ഥിരീകരിച്ചത്
ഹോസ്റ്റലിൽ നിന്ന് ശേഖരിച്ച വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധിച്ചതിൽ കോളറ നെഗറ്റീവ് ആയിരുന്നു. ശനിയാഴ്ച ഉച്ചയോടെ ഇതിൽ 21 വിദ്യാർഥികൾ ആശുപത്രി വിട്ടു. എങ്കിലും നിരീക്ഷണം തുടരും.
കോളറ പൊട്ടിപ്പുറപ്പെട്ടതായി സംശയിക്കുന്നതിനെ തുടർന്ന്,പെൺകുട്ടികളുടെ ഹോസ്റ്റൽ വാർഡൻ ഡോ. അഖിലാണ്ടേശ്വരിയെ സസ്പെൻഡ് ചെയ്യാൻ ഉത്തരവിട്ടു. ഹോസ്റ്റലിലെ പ്രശ്‌നങ്ങളെക്കുറിച്ച് വാർഡനോ അന്തേവാസികളോ തന്നെ അറിയിച്ചില്ല എന്ന് ബിഎംസിആർഐ ഡീനും ഡയറക്ടറുമായ ഡോ രമേഷ് കൃഷ്ണ വെളിപ്പെടുത്തിയിരുന്നു.
ബിഎംസിആർഐ വിദ്യാർഥികൾക്ക് മതിയായ സൗകര്യങ്ങളില്ലെന്ന ഡോ.കൃഷ്ണയുടെ റിപ്പോർട്ടിനെ തുടർന്ന് പ്രിൻസിപ്പൽ സെക്രട്ടറിയും വനിതാ കമ്മിഷൻ അധ്യക്ഷയും ആശുപത്രിയും ഹോസ്റ്റലും സന്ദർശിച്ചു.
നഗരത്തിൽ കോളറ പടർന്നുപിടിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ ഹെൽത്ത് കമ്മീഷണർ രൺദീപ് ഡി നിരാകരിച്ചു. ഈ വർഷം ആറ് കോളറ കേസുകൾ മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ എന്ന് അദ്ദേഹം വ്യക്തമാക്കി.
അതിനിടെ വയറിളക്കവും ഛർദ്ദിയും പോലുള്ള കോളറയുടെ ലക്ഷണങ്ങളുമായി മല്ലേശ്വരം സ്വദേശിനിയായ 27കാരിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.