ന്യൂഡൽഹി: ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുടെ ഭാര്യ മല്ലിക നദ്ദയുടെ മോഷണം പോയ കാർ കണ്ടെത്തി. വാരാണസിയിൽ നിന്നാണ് കാർ കണ്ടെത്തിയത്. സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫരീദാബാദിലെ ബദ്കൽ സ്വദേശികളായ ഷാഹിദ്, ശിവംഗ് ത്രിപാടി എന്നിവരാണ് അറസ്റ്റിലായത്.
മാർച്ച് 19നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഡൽഹിയിലെ ഗോവിന്ദ്പുരി ഏരിയയിലെ ഒരു സർവ്വീസ് സെന്ററിൽ നിന്നാണ് വെള്ള നിറത്തിലുള്ള എസ്യുവി കാർ മോഷണം പോയത്. ഡ്രൈവർ ജോഗീന്ദർ സിംഗ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. മോഷ്ടിച്ച കാറിന്റെ നമ്പർ പ്ലേറ്റ് മാറ്റിയാണ് പ്രതികൾ ബദ്കലിൽ എത്തിച്ചത്.
ഗോവിന്ദ്പുരിയിൽ നിന്നും മോഷ്ടിച്ച വാഹനം അലിഗഡ്, ലഖിംപൂർ ഖേരി, ബറേലി, സീതാപൂർ, ലക്നൗ വഴി വാരാണസിയിൽ എത്തിക്കുകയായിരുന്നു. വാഹനം നാഗാലാൻഡിലേക്ക് കടത്താനായിരുന്നു പ്രതികളുടെ പദ്ധതിയെന്നും പോലീസ് അറിയിച്ചു