കണ്ണൂർ: കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ കമ്യൂണിസ്റ്റ് ഭീകരൻ കീഴടങ്ങി. ചിക്കമംഗളൂരു സ്വദേശി സുരേഷാണ് കീഴടങ്ങിയത്. 23 വർഷം കമ്യൂണിസ്റ്റ് ഭീകരർക്കൊപ്പം പ്രവർത്തിച്ചിട്ടും ഒന്നും നേടിയെടുത്തില്ലെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി. നേരത്തെ തന്നെ കീഴടങ്ങാൻ ആലോചിച്ചിരുന്നതായും സുരേഷ് പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു പയ്യാവൂരിൽ കമ്യൂണിസ്റ്റ് ഭീകരരെ കാട്ടാന ആക്രമിച്ചത്. കാഞ്ഞിരക്കൊല്ലി കോളനിയിലെത്തിയ സംഘം അരിയും സാധനങ്ങളും വാങ്ങി തിരിച്ചുപോകുമ്പാേഴായിരുന്നു കാട്ടാനയുടെ ആക്രമണം. ഇതിനിടെയാണ് സുരേഷിന് പരിക്കേറ്റത്.
ആറ് പേരാണ് സംഘത്തിലുണ്ടായിരുന്നത്. പരിക്കേറ്റ സുരേഷിനെ ഉപേക്ഷിച്ച് മറ്റുള്ളവർ രക്ഷപ്പെടുകയായിരുന്നു.
ഇടതുകാലിനും നെഞ്ചിനും പരിക്കേറ്റ സുരേഷിനെ പ്രദേശവാസികളാണ് ആദ്യം കണ്ടത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ആയുധധാരികളായ രണ്ട് സ്ത്രീകളും മൂന്ന് പുരുഷന്മാരുമാണ് സുരേഷിനൊപ്പമുണ്ടായിരുന്നതെന്ന് പ്രദേശവാസികൾ പൊലീസിനോട് പറഞ്ഞു. തണ്ടർബോൾട്ട് സേന ഉൾപ്പെടെ വൻ പൊലീസ് സംഘത്തോടൊപ്പമാണ് സുരേഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്.















