കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ടിഎംസി നേതാക്കൾ ബംഗാളിലെ ജനങ്ങളിൽ നിന്ന് കൊള്ളയടിച്ച പണം ജനങ്ങൾക്ക് തന്നെ തിരികെ നൽകുന്നതിൽ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ടിഎംസി നേതാക്കൾ അനധികൃതമായി 3,000 കോടി രൂപ കൈവശപ്പെടുത്തിയത് ഇഡി പിടിച്ചെടുത്തിരുന്നു. ഇത് ബംഗാളിലെ പാവപ്പെട്ട ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി വിനിയോഗിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബംഗാളിലെ ജൽപായ്ഗുരിയിൽ നടന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” ഫിർ ഏക് ബാർ മോദി സർക്കാർ ( ഒരിക്കൽ കൂടി മോദി സർക്കാർ) എന്ന മുദ്രാവാക്യം ബംഗാളിൽ അലയടിക്കുന്നത് എനിക്ക് കേൾക്കാം. ബംഗാളിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും നടപ്പിലാക്കാതെ ജനങ്ങളെ ദുരിതത്തിലാക്കുകയാണ് തൃണമൂൽ സർക്കാർ ചെയ്യുന്നത്. ജനങ്ങളുടെ നികുതി പണം കൊള്ളയടിച്ച് അനധികൃതമായി സ്വത്ത് സമ്പാദിച്ചു. എന്നാൽ ഞാൻ പ്രധാനമന്ത്രിയായിരിക്കുന്ന സമയത്ത് അഴിമതി നടത്തുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക തന്നെ ചെയ്യും. പാവപ്പെട്ടവർക്ക് അർഹതപ്പെട്ട പണം തിരിച്ച് നൽകും.”- പ്രധാനമന്ത്രി പറഞ്ഞു.
അഴിമതിമുക്ത ഭാരതമാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. മൂന്നാം മോദി സർക്കാർ അധികാരത്തിൽ വരുന്നതോടെ അഴിമതിക്കെതിരെ കൂടുതൽ നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഈ തെരഞ്ഞെടുപ്പ് കേവലം ഒരു എംപിയെ തെരഞ്ഞെടുക്കാനുള്ളതല്ലെന്നും ശക്തമായ ഒരു സർക്കാരിനെ തെരഞ്ഞെടുക്കാനുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.
അഴിമതിക്കറ പുരണ്ട നേതാക്കളെ സംരക്ഷിക്കാനായാണ് ഇൻഡി സഖ്യത്തെ ഉണ്ടാക്കിയിരിക്കുന്നത്. എന്നാൽ മോദിയുടെ ഗ്യാരന്റി എന്ന പദപ്രയോഗം കേൾക്കുമ്പോൾ തന്നെ പ്രതിപക്ഷം ഭയപ്പെടുന്നുവെന്നും പ്രധാനമന്ത്രി തുറന്നടിച്ചു. താൻ ഒരു വാഗാദനം നൽകിയിട്ടുണ്ടെങ്കിൽ അത് പാലിക്കുമെന്ന് എല്ലാവർക്കും അറിയാം. അതിനാലാണ് കോൺഗ്രസും ടിഎംസിയും തനിക്കെതിരെ ആക്ഷേപങ്ങൾ ഉയർത്തുന്നതെന്നും ഇതിലൊന്നും തന്റെ രാജ്യസേവനത്തെ ഇല്ലാതാക്കാനോ തളർത്താനോ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.















