കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയാൽ എന്തായിരിക്കും അവസ്ഥ. പലപ്പോഴും കയ്യിൽ കിട്ടിയത് എന്ത് ചെയ്യണമെന്ന് അറിയാതെ പരാക്രമം നടത്തുന്ന ജീവികളാണ് കുരങ്ങുകൾ. കണ്ണൊന്ന് തെറ്റിയാൽ ചെറിയ കുഞ്ഞുങ്ങളെപോലും ഇവ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവങ്ങൾ നടന്നിരുന്നു. അത്തരത്തിലൊരു സാഹചര്യത്തിലൂടെയാണ് ഉത്തർപ്രദേശിലെ നികിത എന്ന 13കാരിയും കടന്നു പോയത്. എന്നാൽ ആ കൊച്ചുമിടുക്കിയുടെ അവസരോചിതമായ ഇടപെടൽ ഇന്ന് ഒരു കൈകുഞ്ഞിന്റെ ജീവനാണ് തിരികെ നൽകിയത്. സംഭവം വൈറലായതോടെ മഹീന്ദ്രഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയും പെൺകുട്ടിയെ പ്രശംസിച്ച് രംഗത്തെത്തി.
ഉത്തർപ്രദേശിലെ ആവാസ് വികാസ് കോളനിയിലെ വീട്ടിൽ കൈകുഞ്ഞിനെ കളിപ്പിച്ചു കൊണ്ടിരിക്കുമ്പോഴാണ് പാത്രങ്ങൾ എറിയുന്ന ശബ്ദം നികിത കേട്ടത്. പിന്നീട് അവളുടെ മുന്നിലേക്ക് അപ്രതീക്ഷിതമായി ചില അതിഥികൾ കടന്നു വന്നു. 13 കാരിയെ പോലും ആക്രമിച്ച് താഴെയിടാൻ കരുത്തുള്ള ചില കുരങ്ങുകളായിരുന്നു അവ. വീട്ടിൽ മുഴുവനും ചാടിക്കേറി അവ അലങ്കോലപ്പെടുത്തി.
സഹായത്തിനായി വീട്ടിൽ മറ്റാരുമില്ലെന്നതും നികിതയെ ഭയപ്പെടുത്തി. എങ്ങനെയെങ്കിലും കുരങ്ങുകളെ തുരത്തി കുഞ്ഞിനെ സംരക്ഷിക്കണമെന്നതായിരുന്നു ആ 13കാരിയുടെ മുന്നിലുണ്ടായിരുന്ന വെല്ലുവിളി. എന്ത് ചെയ്യമമെന്ന് അറിയാതെ പകച്ചു നിന്ന സമയത്താണ് പെട്ടന്ന് നികിതയുടെ ശ്രദ്ധയിൽ ഫ്രിഡ്ജിന് മുകളിൽ ഇരുന്നിരുന്ന ക്ലൗഡ് അസിസ്റ്റന്റ് വഴി പ്രവർത്തിക്കുന്ന അലക്‌സ ശ്രദ്ധയിൽപ്പെട്ടത്.
ഉടനെ അലക്‌സയോട് നായയുടെ ശബ്ദമുണ്ടാക്കാൻ നികിത ആവശ്യപ്പെട്ടു. തുടർന്ന് നായയുടെ കുര കേട്ട കുരങ്ങന്മാർ വീട്ടിൽ നിന്ന് ഓടിപ്പോവുകയായിരുന്നു. നികിതയുടെ ബുദ്ധിയും ടെക്‌നോളജി ഉപയോഗിക്കാനുള്ള കഴിവും പ്രശംസനീയമാണെന്നും പഠനം പൂർത്തിയാകുമ്പോൾ തന്റെ കമ്പനിയിൽ ജോലിക്കായി പ്രവേശിക്കാമെന്നും ആനന്ദ് മഹീന്ദ്ര എക്‌സിൽ കുറിച്ചു. സാങ്കേതികവിദ്യകളെ അവസരത്തിനൊത്ത് പ്രയോജനപ്പെടുത്തിയ പെൺകുട്ടിയെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തി.















