മദ്ധ്യകേരളത്തിൽ സ്ഥിതി ചെയ്യുന്ന ജില്ലയായ കോട്ടയത്തിന്റെ സവിശേഷതകളെറേയാണ്. ജില്ലയുടെ കിഴക്ക് ഭാഗത്തായി വലിയ മലനിരകളുള്ള പശ്ചിമഘട്ടവും പടിഞ്ഞാറ് വേമ്പനാട് കായലും കുട്ടനാട്ടിലെ നെൽവയലുകളും അതിർത്തി പങ്കിടുന്ന ഭൂപ്രദേശമാണ് കോട്ടയം. പരന്നു കിടക്കുന്ന കായലോരങ്ങളും സമൃദ്ധിയോടെ നിൽക്കുന്ന നെൽപ്പാടങ്ങളും മലയോര മേഖലകളും കുന്നുകളും ജില്ലയെ കൂടുതൽ വ്യത്യസ്തമാക്കുന്നു. കൂടാതെ കടൽ ഇല്ലെന്നതും റബ്ബർതോട്ടങ്ങൾ ഏറെയുണ്ടെന്നതും ഇവിടുത്തെ പ്രത്യേകതകളിൽ ഒന്നാണ്.
ആംഗലേയ ഭാഷയിൽ കോട്ടയം അറിയപ്പെടുന്നത് ലാൻഡ് ഓഫ് ലെറ്റേഴ്സ്, ലെയ്ക്സ്, ലാറ്റക്സ് എന്നാണ്.നാണ്യവിളകളുടെ വിപണന കേന്ദ്രമാണ് കോട്ടയം. രാജ്യത്തെ തന്നെ സമ്പൂർണ സാക്ഷരതാ നഗരമെന്ന് അറിയപ്പെടുന്നതും കോട്ടയം ജില്ലയാണ്. 1813-ലാണ് കോട്ടയത്തെ പഴയ സെമിനാരിയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിക്കുന്നത്.സംസ്ഥാനത്തെ ആദ്യ കോളേജും ജില്ലയിലാണ് സ്ഥാപിതമായത്. കേരളത്തിലെ ആദ്യ അച്ചടി ശാലയും കോട്ടയത്തായിരുന്നു ഉണ്ടായിരുന്നത്.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയം എക്കോസിറ്റിയായി പരിവർത്തനപ്പെടുത്തുന്നതിന് തിരഞ്ഞെടുത്ത ആദ്യ നഗരവും കോട്ടയം തന്നെയാണ്. മുൻ പ്രസിഡന്റായിരുന്ന കെ.ആർ.നാരായണന്റെ ജന്മസ്ഥലവും കോട്ടയമാണെന്നത് ജില്ലയെ കൂടുതൽ പ്രശസ്തമാക്കി. 2,208 ചതുരശ്ര കിലോമീറ്റർ വിസ്തീർണത്തിലാണ് കോട്ടയം ജില്ല വ്യാപിച്ചു കിടക്കുന്നത്.
കോട്ടയം ജില്ല ലോക്സഭ മണ്ഡലം
കേരളത്തിന്റെ രാഷ്‌ട്രീയഭൂമികയിൽ അദ്ഭുതം വിരിയിച്ച മണ്ഡലമാണ് മൂവാറ്റുപുഴ ലോക്‌സഭാ മണ്ഡലം. നാളിതുവരെ ഇടതു വലതു മുന്നണികളെ മാത്രം പുണർന്നിരുന്ന കേരളത്തിൽ എൻ ഡി എ അഥവാ ബിജെപി നേതൃത്വം നൽകുന്ന മുന്നണി അക്കൗണ്ട് തുറന്നത് 2004 മൂവാറ്റുപുഴയിലാണ്. അന്ന് ബിജെപി മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച പി സി തോമസ് ജയിച്ചു. ആ മൂവാറ്റുപുഴയുടെ പ്രധാന ഭാഗങ്ങളെല്ലാം ഇന്ന് കോട്ടയം ലോകസഭാ മണ്ഡലത്തിന്റെ ഭാഗമാണ്.
പാല, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂർ, കോട്ടയം, പുതുപ്പള്ളി, എറണാകുളം പിറവം എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് ഡീ ലിമിറ്റഷന് ശേഷമുള്ള കോട്ടയം ലോകസഭാ മണ്ഡലം. 2019-ൽ നടന്ന 17-ാം ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടനാണ് തെരഞ്ഞെടുക്കപ്പെട്ടത്. പിസി തോമസായിരുന്നു എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ചത്. സിപിഐഎം – എൽഡിഎഫ് സ്ഥാനാർത്ഥിയായി വിഎൻ വാസവനായിരുന്നു മത്സരിച്ചത്.
കോട്ടയം മണ്ഡലത്തെക്കുറിച്ചുള്ള ചെറിയ രൂപം…
2019-ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ കണക്കുകൾ പ്രകാരം 12,02,284 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. ഇതിൽ 56.3 ശതമാനം വോട്ടർമാരും ഹിന്ദു വിഭാഗത്തിൽ നിന്നുള്ളവരും 38.7 ശതമാനം ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ളവരുമാണ്. 7.7 ശതമാനമാണ് മണ്ഡലത്തിലെ പട്ടികജാതി വിഭാഗം. കൂടാതെ 0.9 ശതമാനമാണ് പട്ടിക വർഗ വിഭാഗത്തിന്റെ സാന്നിധ്യം.
2004 ലോക്സഭാ തെരഞ്ഞെടുപ്പ് വരെ വാഴൂർ, ചങ്ങനാശേരി, കോട്ടയം, ഏറ്റുമാനൂർ, പുതുപ്പള്ളി, കടുത്തുരുത്തി, വൈക്കം എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതായിരുന്നു കോട്ടയം ജില്ല. എന്നാൽ പുനർ നിർണയത്തിന് ശേഷം പാല, എറണാകുളം ജില്ലയുടെ ഭാഗമായ പിറവവും കോട്ടയവുമായി യോജിച്ചു.
2019-ലെ തെരഞ്ഞെടുപ്പ് ബിജെപിയുടെ ഇടപെടൽ
2019-ൽ എൻഡിഎയുടെ പിന്തുണയിൽ മത്സരിച്ച പിസി തോമസിന് ഒന്നര ലക്ഷത്തിൽ അധികം വോട്ടുകളായിരുന്നു ലഭിച്ചത്. എല്ലാ മണ്ഡലത്തിലും സാന്നിധ്യം അറിയിക്കാൻ പിസി തോമസിലൂടെ ബിജെപി നേതൃത്വത്തിന് സാധിച്ചു. സാധാരണ പാല, പുതുപ്പള്ളി എന്നീ മണ്ഡലങ്ങളിൽ ഉൾപ്പെടെ ബിജെപി വോട്ടുകൾ നിർണായകമാകാറുണ്ട്. പാർട്ടിക്ക് ശക്തമായ അടിത്തറയാണ് ജില്ലയിലുള്ളത്. ഫ്രാൻസിസ് ജോർജിനെ പോലെയോ തോമസ് ചാഴികാടനെ പോലെയോ പരിചിത മുഖത്തെ അവതരിപ്പിക്കാൻ ബിജെപിക്കായാൽ വീണ്ടുമൊരു ത്രികോണ മത്സരത്തിന് കോട്ടയം വേദിയാകും.
2024 ലോക്സഭാ തെരഞ്ഞെടുപ്പ്
കോട്ടയം ലോക്സഭാ മണ്ഡലത്തിൽ 17 പേരാണ് നാമനിർദ്ദേശ പത്രിക നൽകിയത്.തുഷാർ വെള്ളാപ്പള്ളി (ഭാരത് ധർമ ജന സേന – എൻ ഡി എ ), തോമസ് ചാഴിക്കാടൻ (കേരളാ കോൺഗ്രസ് എം), കെ ഫ്രാൻസിസ് ജോർജ്ജ് (കേരളാ കോൺഗ്രസ് ജെ ), വിജുമോൻ ചെറിയാൻ (ബഹുജൻ സമാജ് പാർട്ടി), തമ്പി (എസ്.യു.സി.ഐ.-സി), സ്വതന്ത്രസ്ഥാനാർഥികളായി ജോമോൻ ജോസഫ് സ്രാമ്പിക്കൽ എ.പി.ജെ. ജുമൻ വി.എസ്, സന്തോഷ് ജോസഫ്, റോബി എം. വർഗീസ്, സ്‌കറിയ എം.എം. എന്നിവർ നേരത്തെ പത്രിക നൽകിയിട്ടുണ്ട്.