ന്യൂഡൽഹി : മൂന്ന് മാസത്തിനുള്ളിൽ 2.5 ലക്ഷത്തിലധികം ആളുകൾ ബിജെപിയിൽ അംഗത്വം എടുത്തതായി ബിജെപി നേതാവ് നരോത്തം മിശ്ര . കോൺഗ്രസ് ഉൾപ്പെടെ വിവിധ രാഷ്‌ട്രീയ പാർട്ടികളിൽ നിന്നും , സാമൂഹിക സംഘടനകളിൽ നിന്നുമായി ഒരു ലക്ഷത്തി ഇരുപത്തിയാറായിരം പേർ ബിജെപിയിൽ അംഗത്വം എടുത്തതായും നരോത്തം മിശ്ര പറഞ്ഞു. പ്രധാനമന്ത്രിയുടെ വ്യക്തിത്വത്തിലും പ്രവർത്തനത്തിലും ആകൃഷ്ടരായാണ് ആളുകൾ ബിജെപിയിലേയ്‌ക്ക് വരുന്നതെന്നും നരോത്തം മിശ്ര പറഞ്ഞു.
‘ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിന്റെയും ബിജെപി സംസ്ഥാന അധ്യക്ഷൻ വി ഡി ശർമയുടെയും നേതൃത്വത്തിൽ ബിജെപി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് . ശനിയാഴ്ച മാത്രം 1.26 ലക്ഷം പേരാണ് മദ്ധ്യപ്രദേശിൽ പാർട്ടി അംഗത്വമെടുത്തത് . കഴിഞ്ഞ മൂന്ന് മാസത്തിനിടെ സംസ്ഥാനത്ത് 2.58 ലക്ഷത്തിലധികം പേർ ബിജെപിയിൽ ചേർന്നു . ബിജെപിയിൽ ചേർന്നവരിൽ 90 ശതമാനത്തിലേറെയും കോൺഗ്രസിൽ നിന്നുള്ളവരുമാണ് .‘ – നരോത്തം മിശ്ര പറഞ്ഞു.
മുൻ കേന്ദ്രമന്ത്രി സുരേഷ് പച്ചൗരി, ചിന്ദ്വാര മേയർ വിക്രം അഹാകെ, എംഎൽഎ കമലേഷ് ഷാ, മുൻ മന്ത്രി ദീപക് സക്‌സേന, ജബൽപൂർ മേയർ ജഗത് ബഹാദൂർ സിങ് എന്നിവരടക്കമുള്ള കോൺഗ്രസ് നേതാക്കളാണ് അടുത്തിടെ ബിജെപിയിൽ ചേർന്നത്.















