2017 ഓഗസ്റ്റ് 21ന് അമേരിക്കയില്‍ അനുഭവപ്പെട്ട സമ്പൂര്‍ണ സൂര്യഗ്രഹണത്തിന് ശേഷം ആറു വര്‍ഷങ്ങള്‍ക്കും ഏഴ് മാസവും 18 ദിവസത്തിനും ശേഷമാണ് അടുത്ത സമ്പൂര്‍ണ സൂര്യഗ്രഹണം എത്തുന്നത്. സമ്പൂർണ സൂര്യഗ്രഹണം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്ന് ദൃശ്യമാകില്ല. കാരണം വിശാലമായ പ്രദേശം സൂര്യഗ്രഹണത്തിന്റെ സമ്പൂർണ്ണ പാതയ്‌ക്ക് പുറത്താണ് സ്ഥിതിചെയ്യുന്നത്
“അഗ്നി വലയ” സൂര്യഗ്രഹണം വീക്ഷിക്കുന്നതിനായി ഇന്ത്യയിലെ ആകാശ പ്രേമികൾ 2031 മെയ് 21 വരെ കാത്തിരിക്കേണ്ടിവരും. ഇത് രാജ്യത്തുടനീളമുള്ള പല നഗരങ്ങളിൽ നിന്നും പ്രത്യേകിച്ച് കേരളത്തിലും തമിഴ്‌നാട്ടിലും ദൃശ്യമാകും.
എന്നാൽ താൽപ്പര്യമുള്ളവർക്കായി ഇന്നത്തെ ആകാശ പ്രതിഭാസം തത്സമയം സംപ്രേക്ഷണം ചെയ്യും. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ ഇന്ത്യൻ സമയം രാത്രി 10.30ന് തത്സമയ സംപ്രേക്ഷണം ആരംഭിക്കും. വിദഗ്ധരുടെ അഭിപ്രായത്തിൽ സമ്പൂർണ ഗ്രഹണങ്ങൾ മറ്റേതൊരു ചന്ദ്രഗ്രഹണത്തേക്കാളും സൂര്യഗ്രഹണത്തേക്കാളും മനോഹരമാണ്.
ഈ സമയം സന്ധ്യപോലെ ആകാശം ഇരുണ്ടിരിക്കാം എന്നും വിദഗ്ദര്‍ പറയുന്നു. ഇത്തവണ സമ്പൂർണ സൂര്യഗ്രഹണത്തോടൊപ്പം ഡെവിൾസ് കോമറ്റ് അഥവാ ചെകുത്താൻ വാൽനക്ഷത്രം എന്നറിയപ്പെടുന്ന വാൽനക്ഷത്രവും ദൃശ്യമായേക്കാം എന്നും പറയുന്നു
അതേസമയം, ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ആദിത്യ എല്‍ -1 സൂര്യനെക്കുറിച്ച് തുടർച്ചയായി പഠിക്കുന്നുണ്ടെങ്കിലും സമ്പൂർണ സൂര്യഗ്രഹണത്തിനു സാക്ഷിയാകില്ല. സൂര്യനെ എപ്പോഴും തടസ്സമില്ലാതെ കാണാൻ സാധിക്കുന്ന രീതിയിലാണ് ഉപഗ്രഹം നിലയുറപ്പിച്ചിട്ടുള്ളത്. ഗ്രഹണം കാരണം ഉപഗ്രഹത്തിന്റെ കാഴ്ച ഒരിക്കലും തടസ്സപ്പെടരുതെന്ന് ഐഎസ്ആർഒ നിശ്ചയിച്ചിരുന്നു.
‘‘ആദിത്യ എൽ1 ബഹിരാകാശ പേടകം സൂര്യഗ്രഹണം കാണില്ല. കാരണം ബഹിരാകാശ പേടകത്തിന് പിന്നിൽ ലാഗ്രാഞ്ച് പോയിന്റ് 1ൽ (എൽ1) ആണ് ചന്ദ്രൻ. ഭൂമിയിൽ ദൃശ്യമാകുന്ന ഗ്രഹണത്തിന് ആ സ്ഥലത്ത് വലിയ പ്രാധാന്യമില്ല.’’– ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു.ഇന്ത്യൻ ആദിത്യ എൽ1 ബഹിരാകാശ പേടകം ഭൂമിയിൽ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റർ അകലെയുള്ള സൂര്യ-ഭൗമ വ്യവസ്ഥയുടെ ലഗ്രാഞ്ച് പോയിൻ്റ് 1 (L1) ന് ചുറ്റുമുള്ള ഒരു ഹാലോ ഭ്രമണപഥത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്.















