എയർ ഇന്ത്യയിൽ നിന്നുള്ള പൈലറ്റുമാരെ ഡെപ്യൂട്ടേഷനിൽ എത്തിക്കാൻ ശ്രമം; പ്രതിസന്ധി പരിഹരിക്കാനുള്ള നീക്കങ്ങൾ ശക്തമാക്കി വിസ്താര

Published by
Janam Web Desk

ന്യൂഡൽഹി: വിസ്താരയിലെ നിലവിലെ പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികൾ ശക്തമാക്കി മാനേജ്‌മെന്റ്. എന്നാൽ പ്രതിസന്ധി പൂർണമായും പരിഹരിക്കണമെങ്കിൽ അതിന് കൂടുതൽ സമയമെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി. എയർ ഇന്ത്യയിൽ നിന്നുള്ള ഉദ്യോഗസ്ഥരെ ഡെപ്യൂട്ടിക്കേഷനിൽ വിസ്താരയിലേക്ക് അയക്കാനുള്ള നീക്കങ്ങളും ആലോചനയിലുണ്ട്.

ഈ ഉദ്യോഗസ്ഥർ 40 ദിവസത്തെ നിർബന്ധിത പരിശീലനത്തിന് വിധേയരാകണമെന്നാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നിയമത്തിൽ പറയുന്നത്. 21 ദിവസത്തെ ഗ്രൗണ്ട് പരിശീലനവും ഇതിൽ ഉൾപ്പെടുന്നു. ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായിട്ടുള്ള എയർലൈനുകളാണ് വിസ്താരയും എയർ ഇന്ത്യയും. എങ്കിലും പൈലറ്റ് എക്‌സ്‌ചേഞ്ച് പരിശീലനത്തിന് ശേഷം മാത്രമേ ഇവരെ ഒരിടത്ത് നിന്ന് മറ്റൊരു എയർലൈനിലേക്ക് മാറ്റാൻ അനുവദിക്കുകയുള്ളൂ.

നിലവിൽ എയർ ഇന്ത്യയിലും ഫസ്റ്റ് ഓഫീസർമാരുടെ കുറവ് ഉണ്ടെന്നാണ് വിവരം. വൺ വേ കമാൻഡ് ഉപയോഗിച്ചാണ് എയർ ഇന്ത്യയുടെ മിക്ക പ്രവർത്തനങ്ങളും നടപ്പിലാക്കുന്നത്. അതായത് കോ പൈലറ്റുമാരുടെ കുറവ് ഉള്ളതിനാൽ രണ്ട് പൈലറ്റുമാർ ചേർന്നാണ് കോക്ക്പിറ്റിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. മറ്റ് എയർലൈനുകളിൽ നിന്നുള്ള പൈലറ്റുമാരെ നിയമിച്ചാലും അവരുടെ പരിശീലനത്തിന് കുറഞ്ഞത് രണ്ട് മാസമെങ്കിലും എടുക്കും എന്നതാണ് വിസ്താര നേരിടുന്ന പ്രതിസന്ധി.

നിലവിലുള്ള പൈലറ്റുമാർക്ക് അധിക സമ്മർദ്ദം വരാതിരിക്കാനായി 25-30 ഫ്‌ളൈറ്റുകൾ കഴിഞ്ഞ ദിവസവും റദ്ദാക്കിയിരുന്നു. ആകെ ശേഷിയുടെ 10 ശതമാനമാണ് ഇപ്പോൾ കുറച്ചിരിക്കുന്നത്. വൈകാതെ പ്രതിസന്ധി പൂർണമായി പരിഹരിക്കാനാണ് ലക്ഷ്യമിടുന്നത്. അതേസമയം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ പ്രവർത്തിക്കാൻ കഴിയുന്നുണ്ടെന്ന് വിസ്താര എയർലൈൻ അധികൃതർ പറയുന്നു.

 

Share
Leave a Comment