വാഷിംഗ്ടൺ: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ ഭരണതുടർച്ച ഉറപ്പാക്കാൻ അമേരിക്കയിലെ ഇന്ത്യൻ സമൂഹവും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എൻഡിഎയ്‌ക്കും പിന്തുണയുമായി ഗോൾഡൻ ഗേറ്റ് ബ്രിഡ്ജിലാണ് ‘അബ്കി ബാർ 400 പാർ’ എന്ന ആശയവുമായി ഇന്ത്യൻ സമൂഹം ഒത്തുകൂടിയത്. ‘മോദി കാ പരിവാർ’ എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപി 400 സീറ്റുകൾ നേടുമെന്നും വീണ്ടും നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രിയായി അധികാരത്തിലെത്തുമെന്നും ഇന്ത്യൻ സമൂഹം പ്രതികരിച്ചു. ശക്തമായ തെരഞ്ഞെടുപ്പ് പ്രചാരണമാണ് നടക്കാൻ പോകുന്നതെന്നും അവർ വ്യക്തമാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് പിന്തുണ അറിയിച്ച് ലണ്ടനിലെയും ഓസ്‌ട്രേലിയയിലെയും ഇന്ത്യൻ സമൂഹം പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ദേശീയ പതാകയും ബിജെപിയുടെ പതാകയും ഉയർത്തിപ്പിടിച്ചിരിക്കുന്ന ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ വൈറലായിരുന്നു.
ഏഴ് ഘട്ടങ്ങളിലായാണ് പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടം ഏപ്രിൽ 19-ന് നടക്കും. ജൂൺ നാലിനാണ് വോട്ടെണ്ണൽ നടക്കുക.















