തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാം വർഷ വിദ്യാർത്ഥി ജെ.എസ് സിദ്ധാർത്ഥിന്റെ മരണത്തിൽ സിബിഐ കൂടുതൽ പേരെ പ്രതി ചേർത്തേക്കും. നിലവിൽ 20 പേരാണ് പോലീസിന്റെ പ്രതിപ്പട്ടികയിലുള്ളത്. പോലീസിന്റെ അന്വേഷണ റിപ്പോർട്ടിന്റെയും സിബിഐയുടെ പ്രാഥമിക കണ്ടെത്തലുകളുടെയും അടിസ്ഥാനത്തിലാണ് എഫ്‌ഐആർ തയ്യാറാക്കിയിരിക്കുന്നത്.
അതേസമയം ദേശീയ മനുഷ്യാവകാശ കമ്മീഷൻ കോളേജിൽ അഞ്ച് ദിവസം സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് സിറ്റിംഗ് നടത്തും. കോളേജിൽ താമസിച്ച് ആയിരിക്കും കമ്മീഷൻ അംഗങ്ങൾ ജീവനക്കാരിൽ നിന്ന് ഉൾപ്പെടെ മൊഴിയെടുക്കുക.
വിവരശേഖരണത്തിന്റെ ഭാഗമായി സിബിഐ സംഘവും കോളേജ് സന്ദർശിക്കുമെന്നാണ് സൂചന. മൊഴി രേഖപ്പെടുത്തുന്നതിനായി സിദ്ധാർത്ഥിന്റെ അച്ഛനോട് നാളെ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.















