ജയ്പൂർ: കോൺഗ്രസിനെ കടന്നാക്രമിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ. അഴിമതി നടത്താൻ ജനങ്ങളെ കൊള്ളയടിക്കുന്നവരാണ് കോൺഗ്രസുകാരെന്നും അദ്ദേഹം തുറന്നടിച്ചു. ലക്ഷ്മൺഗഡിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” നുണകളിൽ മാത്രം ഊന്നി പ്രവർത്തിക്കുന്നവരാണ് കോൺഗ്രസുകാർ. ജനങ്ങളെ കൊള്ളയടിച്ച് അഴിമതി നടത്തണമെന്ന് മാത്രമാണ് അവരുടെ ആഗ്രഹം. വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിക്കുകയാണ് അവർ ചെയ്യുന്നത്. എന്നാൽ ബിജെപി ദരിദ്രരെ ചേർത്തുപിടിക്കുന്നു. കോൺഗ്രസും ആം ആദ്മിയും കൊള്ളയടിച്ച പണം ജനങ്ങൾക്ക് തിരികെ നൽകുകയെന്നതാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം.” – ഭജൻലാൽ ശർമ്മ പറഞ്ഞു.
രാജ്യത്തുടനീളം ഇത്തവണ മോദിസർക്കാർ എന്ന മുദ്രാവാക്യം മുഴങ്ങുന്നുണ്ട്. എൻഡിഎ സർക്കാർ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 400 സീറ്റുകൾ നേടുമെന്നതിൽ സംശയമില്ലെന്നും ഭജൻലാൽ കൂട്ടിച്ചേർത്തു. രാജസ്ഥാനിൽ 25 സീറ്റുകളിൽ ബിജെപി വിജയിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാജ്യത്തെ ജനങ്ങളുടെ മനസറിയാൻ സാധിക്കും. അദ്ദേഹം രാജ്യത്തെ സേവിക്കാനായാണ് ജീവിക്കുന്നതെന്നും ഭജൻലാൽ ശർമ്മ വ്യക്തമാക്കി.