‘നമ്മളനുഭവിക്കാത്ത ജീവിതമെല്ലാം
നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്’
ബെന്യമിൻ എന്ന നോവലിസ്റ്റ് ഈ വാചകത്തെ വായനക്കാരനിൽ പകർന്ന് നൽകിയെങ്കിൽ ബ്ലെസി ഈ വാചകത്തെ പ്രേക്ഷകന്റെ നെഞ്ചിൽ കോറിയിടുന്നു.
മലയാളത്തിൽ അതിവേഗം 100 കോടി ക്ലബിലെത്തുന്ന ചിത്രമെന്ന റെക്കോർഡ് സ്വന്തമാക്കി ജൈത്രയാത്ര തുടരുകയാണ് ആടുജീവിതം. വായനക്കാരന്റെ മനസിനെ മരുഭൂമിയുടെ കാണാപ്പുറങ്ങളിൽ എത്തിച്ച ബെന്യാമിന്റെ ആടുജീവിതം അഭ്രപാളിയിലും പ്രേക്ഷകരുടെ ഹൃദയത്തെ ചുട്ടുപൊള്ളിക്കുകയാണ്. നജീബ് എന്ന അത്ഭുത മനുഷ്യന്റെ ജീവിതത്തെ ബെന്യാമിൻ നോവലാക്കിയപ്പോൾ തന്നെ മലയാളികളുടെ ഇടനെഞ്ചിൽ നോവായി നിലനിന്നിരുന്നു.
ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവൽ വായിക്കത്തവർ വിരളമായിരിക്കും. കഥ അറിയുന്ന പ്രേക്ഷകരെ തിയേറ്ററിലേക്ക് വീണ്ടും സിനിമ കാണാൻ എത്തിക്കുകയെന്ന വെല്ലുവിളിയാണ് ബ്ലെസിയും കൂട്ടരും ഏറ്റെടുത്ത് വിജയിപ്പിച്ചത്. നോവലിനെ എങ്ങനെ അഭ്രപാളിയിൽ അവതരിപ്പിക്കും എന്നറിയാനുള്ള ആകാംക്ഷയാണ് പ്രേക്ഷകരെ ആടുജീവിതം കാണാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്.
കഥാപാത്രത്തിന് വേണ്ടി പൃഥ്വിരാജ് നടത്തിയ മേക്കോവര്‍ തന്നെയായിരുന്നു ചിത്രത്തിന്റെ ഹൈപ്പ്. ശരീരഭാരം 30 കിലോയിലധികം കുറച്ചാണ് പൃഥ്വിരാജ് നജീബായി മാറിയത്. ഇതിന് പുറമേ എ.ആർ.റഹ്മാൻ, റസൂൽ പൂക്കുട്ടി, കെ.എസ്.സുനിൽ, ശ്രീകർ പ്രസാദ് തുടങ്ങി ഇന്ത്യയിലെ ഏറ്റവും മികച്ച സാങ്കേതിക വിദഗ്ധരാണ് സിനിമയ്‌ക്കായി അണി നിരന്നത്.
എത്ര വലിയ പ്രതിസന്ധിയിലും പ്രതീക്ഷ കൈവെടിയരുതെന്നും ദൈവത്തിന്റെ അദൃശ്യമായ കരങ്ങൾ തുണയായുണ്ടാകും എന്നുള്ള സന്ദേശവും ചിത്രം നൽകുന്നു. മരുഭൂമിയിലെ കൊടും ചൂടിൽ കഴിയുമ്പോഴും നാട്ടിലെ കുളിർമ്മയുള്ള ഓർമ്മകളിലൂടെ സഞ്ചരിക്കുന്ന നജീബ്. കെ.യു മോഹനൻ, സുനിൽ കെ.എസ് എന്നിവരിലൂടെ ക്യാമറക്കണ്ണുകൾ ഒരേ സമയം മരുഭൂമിയിലൂടെയും നാട്ടിലെ പുഴയിലൂടെയും പുഴക്കരയിലൂടെയും സഞ്ചരിക്കുന്നു. തീരാത്ത ദുരിതം പേറുന്ന മരുജീവിതത്തിലും സൈനുവും പ്രണയാതുരമായ ഓർമ്മകളും ജീവിക്കാൻ പ്രേരിപ്പിക്കുന്നു. ഞൊടിയിടയിലാണ് പ്രേക്ഷകനെ മരുഭൂമിയിലെ ചുട്ടുപൊളളുന്ന വെയിലിലേക്ക് സിനിമ എത്തിക്കുന്നത്.
ചാട്ടവാറിനടിക്കുന്ന ഓരോ അടിയും കൊള്ളുന്നത് കാഴ്ചക്കാരുടെ ഹൃദയത്തിലേക്കാണ്. മിണ്ടിപ്പറയാൻ പോലും ഒരാൾ കൂട്ടിനില്ലാത്ത സമയങ്ങളിൽ കൂട്ടാകുന്ന ആട്ടിൻപറ്റവും അവയുടെ സ്നേഹവും പ്രേക്ഷകന്റെ മനസിൽ പതിയുന്നു. ആദ്യ പകുതിയുടെ അന്ത്യത്തിൽ ആടിനെ പോലെയാകുന്ന നജീബിനെ നിറകണ്ണുകളോടെയല്ലാതെ കാണാൻ സാധിക്കില്ല.
പ്രതിസന്ധികളെ ചുട്ടുപൊള്ളുന്ന മണലാരണ്യ ചൂടിൽ എരിച്ച് കളഞ്ഞ്, മോചനം തേടി നജീബും ഹക്കീമും യാത്രയാകുമ്പോൾ പ്രേക്ഷകനും യാത്ര തിരിക്കുകയാണ്. വീട്ടിൽ നിന്ന് കൊണ്ടുവന്ന കണ്ണിമാങ്ങ അച്ചാർ നജീബിന്റെ പ്രതീക്ഷയുടേതാണ്. കറുത്തുണങ്ങിയ അവസാനത്തെ മാങ്ങാ കഷ്ണവും കഴിച്ചാണ് നജീബ് രക്ഷപ്പെടാനായുള്ള ഓട്ടം ആരംഭിക്കുന്നത്.
ഒരു തുള്ളി വെള്ളമില്ലാതെ മരണത്തിന് കീഴടങ്ങുന്ന സഹയാത്രികൻ ഒടുക്കം വരെ നെഞ്ചിൽ നോവായി കിടക്കും. സിനിമയിലെ നജീബ് തിരിച്ച് വരുമോ എന്ന് വരെ സംശയം തോന്നി പോകും വിധത്തിലുള്ള ഷോട്ടുകൾ വരെയുണ്ട്. നജീബിന്റെ അതെ സംഘർഷാവസ്ഥയും ബുദ്ധിമുട്ടും കാഴ്ചക്കാരനിലേക്ക് കൂടി പകർന്ന് നൽകാൻ ബ്ലെസിക്ക് സാധിച്ചിട്ടുണ്ട്. വെള്ളം കിട്ടാതെ മണ്ണ് തിന്ന് മരണത്തിന് കീഴ്പ്പെടുന്ന ഹക്കീം, മരുപ്പച്ച കണ്ടതിന്റെ സന്തോഷത്തിൽ പ്രതീക്ഷയോടെ ഓടുന്ന നജീബ്, ചുണ്ട് നനച്ച് കൊടുക്കുന്ന ഇബ്രാഹിം ഖാദരി, ഉണങ്ങിയ ഈന്തപ്പഴം, കുപ്പിവെള്ളം ഇവ മാത്രം മതി ചിത്രത്തെ അടയാളപ്പെടുത്താൻ. വിഷപ്പാമ്പ് ചുറ്റിവലിയുന്ന രംഗവും മണൽക്കാറ്റ് വീശുന്ന ഭയപ്പെടുത്തുന്ന രംഗവും പ്രേക്ഷകന്റെ മനസിലും സംഘർഷവും പേടിയുമുണ്ടാക്കുന്നു. ചിത്രം കണ്ട് കഴിഞ്ഞാലും ഇരിപ്പിടത്തിൽ നിന്ന് ഒന്ന് നെടുവീർപ്പിട്ട് മാത്രമേ എഴുന്നേൽക്കാൻ സാധിക്കൂ.. അത്രയേറെ ആടുജീവിതം ആഴ്ന്നിറങ്ങുന്നു.
എആർ റഹ്മാന്റെ സംഗീതവും റസൂൽ പൂക്കൂട്ടിയുടെ ശബ്ദ മിശ്രണവും സിനിമയുടെ മൂഡ് നിലനിർത്തുന്നുണ്ട്. ‘പെരിയോനെ എൻ റഹ്മാനെ’ എന്ന ഗാനം സിനിമയുടെ ജീവനാഡിയാണ്. ഹക്കീമിനെ അടയാളപ്പെടുത്താൻ ഈ ഒറ്റ ഗാനത്തിന് കഴിഞ്ഞിട്ടുണ്ട്. വളരെ ചെറിയ ശബ്ദങ്ങൾ പോലും സിനിമയിൽ വളരെ വലിയ ഇടം നേടിയിട്ടുണ്ട്. ഏറ്റവുമൊടുവിൽ നബീബിന് കണ്ഠമിടറുമ്പോൾ പ്രേക്ഷകരും നിശബ്ദമാകുന്നു.
ബ്ലെസി എന്ന സംവിധായകന്റെ 15 വർഷത്തെ പ്രയത്നമാണ് നേട്ടം കൊയ്ത് മുന്നേറുന്നത്. 2008-ലാണ് ആടുജീവിതം ആരംഭിക്കുന്നത്. പതിറ്റാണ്ട് നീണ്ട തയ്യാറെടുപ്പിനൊടുവിൽ 2018-ൽ ചിത്രീകരണം ആരംഭിച്ചു. വീണ്ടും അഞ്ച് വർഷമെടുത്ത് 2023-ലാണ് ചിത്രീകരണം പൂർത്തിയാകുന്നത്. നജീബിന്റെ ജീവിതത്തിലെ ഓരോ ഘട്ടവും മാനസിക-ശാരീരിക അവസ്ഥകളും കൃത്യമായി ചിത്രത്തിൽ കോറിയിടാൻ സിനിമയ്‌ക്ക് സാധിക്കുന്നു.