ക്വാലാലംപൂർ: ചെരുപ്പിൽ രേഖപ്പെടുത്തിയ അറബിക് ലോഗോ ഇസ്ലാമിനെതിരാണെന്ന വാദം ഉയർന്നതോടെ അവതാളത്തിലായി കമ്പനി. മലേഷ്യൽ ഷൂ നിർമാണ കമ്പനിയാണ് ലോഗോ വിവാദമായതോടെ പെട്ടുപോയത്. ദൈവം എന്ന് അർത്ഥം വരുന്ന അറബിക് പദത്തോട് ചേർന്ന് നിൽക്കുന്നതാണ് ലോഗോയെന്നും ഇത് ഇസ്ലാം മതവിശ്വാസികളെ അവഹേളിക്കുന്നതാണെന്നുമായിരുന്നു വിവാദം. തുടർന്ന് പ്രതിഷേധങ്ങളെയും അക്രമങ്ങളെയും ഭയന്ന് മാപ്പ് പറഞ്ഞ കമ്പനി, മാർക്കറ്റിൽ നിന്ന് ചെരുപ്പ് പിൻവലിച്ചു.
പുതിയതായി വിതരണത്തിനെത്തിച്ച ഹൈ-ഹീൽസ് ചെരുപ്പിലെ ലോഗോ ആയിരുന്നു പ്രശ്നമായത്. ഏതെങ്കിലുമൊരു മതവിശ്വാസത്തെ മുറിപ്പെടുത്താൻ ലക്ഷ്യമിട്ടിരുന്നില്ലെന്ന് കമ്പനി പ്രസ്താവനയിലൂടെ വ്യക്തമാക്കി. ചെരുപ്പ് മാർക്കറ്റിൽ നിന്ന് പിൻവലിക്കുന്നതിനൊപ്പം നേരത്തെ ചെരുപ്പ് വാങ്ങിയവർക്ക് റീ-ഫണ്ട് നൽകാനാണ് കമ്പനിയുടെ തീരുമാനം.
കഴിഞ്ഞ മാസം മലേഷ്യയിൽ മറ്റൊരു കമ്പനി നിർമിച്ച സോക്സിൽ അള്ളാഹുവെന്ന് രേഖപ്പെടുത്തിയത് വലിയ വിവാദമായിരുന്നു. തുടർന്ന് സോക്സ് വിതരണത്തിന് എത്തിച്ച കെ.കെ മാർട്ടിനെതിരെ പോലീസ് കേസെടുത്തു. ചില ഷോപ്പുകൾക്ക് നേരെ പെട്രോൾ ബോംബ് എറിഞ്ഞുള്ള ആക്രമണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ വിവാദമുണ്ടായപ്പോൾ ഉടൻ ചെരുപ്പ് പിൻവലിക്കാൻ മലേഷ്യൻ ഷൂ നിർമാണ കമ്പനി നിർബന്ധിതരായത്.