ഹൈദരബാദ്: മകൾ പ്രണയിച്ച് വിവാഹം കഴിച്ചതിൽ കുപിതനായ അച്ഛൻ മകൾ മരിച്ചതായി പ്രഖ്യാപിച്ച് പോസ്റ്റർ ഇറക്കി. തെലങ്കാനയിലെ സിർസില്ലയിലാണ് സംഭവം. ബിടെക് വിദ്യാർത്ഥിയായ പെൺകുട്ടി വീട്ടുകാരുടെ ഇഷ്ടത്തിന് വിപരീതമായി കഴിഞ്ഞ ദിവസമാണ് കാമുകനെ വിവാഹം കഴിച്ചത്.
പ്രദേശത്ത് സ്ഥാപിച്ച കുറ്റൻ ഫ്ളക്സ് ബോർഡിൽ ഏപ്രിൽ 7 ന് മകൾ മരിച്ചുവെന്നാണ് എഴുതിയിരിക്കുന്നത്. എഞ്ചിനീയറിംഗ് കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥിയായ പെൺകുട്ടി 2006 ലാണ് ജനിച്ചതെന്നും 18 വയസ് പ്രായമുണ്ടെന്നും പോസ്റ്ററിലുണ്ട്.
ഇതുകൊണ്ടും അരിശം തീരാത്ത പിതാവ് അടുത്ത ദിവസം മരണാനന്തര ചടങ്ങായി ആളുകളെ വിളിച്ച് കൂട്ടി അനുശോചന യോഗവും സംഘടിപ്പിച്ചു. മകളുടെ ഫോട്ടോയ്‌ക്ക് മുന്നിൽ വിളക്ക് കത്തിച്ച് വെച്ച് വിട്ടിൽ എത്തിയവരോട് മകൾ മരിച്ചു പോയെന്ന് അറിയിക്കുന്ന വീഡിയോ പിതാവ് തന്നെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.















