ബെംഗളൂരു: കർണാടകയിൽ ഈവർഷം ആറ് കോളറ കേസുകൾ സ്ഥിരീകരിച്ചു.ഇതിൽ അഞ്ചെണ്ണം ഈ വർഷം മാർച്ചിലാണ് കണ്ടെത്തിയതെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് കമ്മീഷണർ ഡി.രൺദീപ് പറഞ്ഞു. സ്ഥിരീകരിക്കപ്പെട്ട കോളറ കേസുകൾ സംയോജിത ആരോഗ്യ വിവര പോർട്ടലിൽ റിപ്പോർട്ട് ചെയ്യാൻ എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഹെൽത്ത് കമ്മീഷണർ രൺദീപ് ഡി പറഞ്ഞു.
ബെംഗളൂരുവിൽ അഞ്ച് പോസിറ്റീവ് കേസുകൾ കണ്ടെത്തിയതിനെത്തുടർന്ന്, ഈ കേസുകൾ ഭൂമിശാസ്ത്രപരമായി മാപ്പ് ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നു, അവ ഒറ്റപ്പെട്ട സംഭവങ്ങളാണോ അതോ കൂട്ടമായി പൊട്ടിപ്പുറപ്പെടുന്നതിന്റെ സൂചനകൾ ഉണ്ടോ എന്ന് അറിയാൻ റൂട്ട് മാപ്പിംഗ് സഹായിക്കും.
ബെംഗളൂരു അർബനിൽ രണ്ട് കേസുകളും ബംഗളൂരു റൂറലിൽ മൂന്ന് കേസുകളും രാമനഗര ജില്ലകളിൽ ഒരു കേസും ഉൾപ്പെടെ ആകെ ആറ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നുംഅദ്ദേഹം പറഞ്ഞു.ജനങ്ങളോട് പരിഭ്രാന്തരാകരുതെന്നഭ്യർത്ഥിച്ച രൺദീപ്, വെള്ളവും ഭക്ഷണവും പുറത്ത് കഴിക്കുമ്പോൾ മുൻകരുതൽ എടുക്കാൻ അവരോട് ആവശ്യപ്പെട്ടു.
“വയറിളക്കവും ഛർദ്ദിയും മാത്രം കോളറയുടെ ലക്ഷണങ്ങളായി കണക്കാക്കാനാവില്ല. പരിഭ്രാന്തരാകുന്നതിനുപകരം, ശുചിത്വം പാലിക്കുന്നതിനൊപ്പം നല്ല ഗുണനിലവാരമുള്ള ഭക്ഷണവും വെള്ളവും ഉപയോഗിക്കുന്നുണ്ടെന്ന് ആളുകൾ ഉറപ്പാക്കണം, ”അദ്ദേഹം പറഞ്ഞു.
അതിനിടെ നിർജ്ജലീകരണവും വയറിളക്കവും മൂലം വെള്ളിയാഴ്ച വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബാംഗ്ലൂർ മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (ബിഎംസിആർഐ) 47 പിജി വിദ്യാർത്ഥികളിൽ 46 പേരെ ഡിസ്ചാർജ് ചെയ്തു. ഒരു വിദ്യാർത്ഥി, ട്രോമ കെയർ സെൻ്ററിൽ ചികിത്സ തുടരുകയാണ്.
സംഭവത്തെ തുടർന്ന് വിദ്യാർഥികൾ താമസിച്ചിരുന്ന ഹോസ്റ്റൽ അടച്ചിടുകയും വിക്ടോറിയ ആശുപത്രിയിൽ നിന്ന് വിദ്യാർഥികൾക്ക് ഭക്ഷണം നൽകുകയും ചെയ്തു. ശനിയാഴ്ച മൂന്ന് വിദ്യാർത്ഥികൾക്ക് കോളറ പോസിറ്റീവ് ആയിരുന്നു. എന്നാൽ ഹോസ്റ്റലിലെ വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധിച്ചതിൽ കോളറ നെഗറ്റീവ് ആണ്.
ബംഗളൂരുവിലെ കടുത്ത ജലക്ഷാമം മലിനമായ ജലം ആളുകളിൽ എത്തുന്നതിനും രോഗങ്ങൾ പൊട്ടിപ്പുറപ്പെടുന്നതിനും ഇടയാക്കിയതായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.രാജ്യത്തെ എല്ലാ വീട്ടിലും കുടിവെള്ളമെത്തിക്കാൻ ലക്ഷ്യമിട്ടുള്ള കേന്ദ്രസർക്കാർ ധനസഹായത്തോടെ നടപ്പാക്കിയ ജൽ ജീവൻ മിഷൻ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി സിദ്ധരാമയ്യ നിർത്തിവെച്ചതായി അവർ കുറ്റപ്പെടുത്തി.2023 മെയ് മാസത്തിൽ അധികാരത്തിൽ വന്നയുടൻ മുഖ്യമന്ത്രി സിദ്ധരാമയ്യ സംസ്ഥാനത്ത് ജലസേചന പദ്ധതികൾ ഉൾപ്പെടെ 20,000 കോടി രൂപയുടെ പ്രവൃത്തികൾ സ്തംഭിപ്പിച്ചതായും ഇത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയതായും അവർ പറഞ്ഞു.