മുംബൈ: സിദ്ധി വിനായക ക്ഷേത്രത്തിൽ ദർശനം നടത്തി ബോളിവുഡ് താരം ജാൻവി കപൂർ. ഇന്ന് രാവിലെയാണ് താരം ക്ഷേത്രത്തിൽ എത്തിയത്. ക്ഷേത്ര ദർശനത്തിനെത്തിയ താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.
തന്റെ സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം പരാമ്പരാഗത രീതിയിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് താരം ക്ഷേത്രത്തിൽ എത്തിയത്. ഗുഡി പദ്വ ദിനത്തോടനുബന്ധിച്ചുള്ള പ്രത്യേക പൂജകളിലുംപങ്കെടുത്ത ശേഷമാണ് താരം ക്ഷേത്രത്തിൽ നിന്ന് മടങ്ങിയത്.
അടുത്തിടെ തിരുപ്പതി തിരുമല ക്ഷേത്രത്തിലും ജാൻവി ദർശനം നടത്തിയിരുന്നു. കാമുകൻ ശിഖർ പഹാരിക്കും സുഹൃത്തും സോഷ്യൽമീഡിയ ഇൻഫ്‌ലുവൻസറുമായ ഓറിക്കും ഒപ്പമാണ് ജാൻവി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയത്. ജാൻവി മുട്ടുകുത്തി ക്ഷേത്ര പടികൾ കയറുന്ന വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു.
മൂവരും നാല് മണിക്കൂർ സമയമെടുത്തായിരുന്നു അന്ന് 3,550 പടിക്കെട്ടുകൾ താണ്ടി മലമുകളിലെത്തിയത്. അവസാനത്തെ പടിക്കെട്ടുകൾ മുട്ടുകുത്തി ഇഴഞ്ഞ് ക്ഷേത്രനടയിലെത്തുന്ന ജാൻവിയെ വീഡിയോയിൽ കാണാം.
ജാൻവി കപൂറിന്റെ അമ്മയും പ്രശസ്ത നടിയുമായ ശ്രീദേവിക്ക് ഏറെ പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നായിരുന്നു തിരുപ്പതി. ബാലാജിയെ ദർശിക്കാനും പ്രാർത്ഥിക്കാനുമായി 50 തവണയെങ്കിലും മുട്ടിലിഴഞ്ഞ് പടികൾ ചവിട്ടി ക്ഷേത്രത്തിൽ എത്തിയിട്ടുണ്ടെന്ന് ജാൻവി പറയുന്നു.















