കൊച്ചി; കാസർകോട് ഗവൺമെന്റ് കോളജിലെ മുൻ പ്രിൻസിപ്പൽ എം രമയ്‌ക്കെതിരെ ഉന്നത വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ച അച്ചടക്ക നടപടി റദ്ദാക്കി ഹൈക്കോടതി. എസ്എഫ്‌ഐയുടെ സമ്മർദ്ദത്തിന് വഴങ്ങി ഉന്നത വിദ്യാഭ്യാസ മന്ത്രി നേരിട്ട് ഇടപെട്ട് രമയെ പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് നീക്കുകയായിരുന്നു.
പ്രിൻസിപ്പലിനെ ആക്രമിച്ച എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ എന്ത് നടപടി എടുത്തുവെന്ന് കോടതി ചോദിച്ചു. പ്രിൻസിപ്പലിനെതിരായ സൈബർ ആക്രമണത്തിൽ ഒരു നടപടിയും ഉണ്ടായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. രമയ്‌ക്കെതിരായ അന്വേഷണം ഏകപക്ഷീയമെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണത്തിൽ ബാഹ്യ ഇടപെടലും താൽപ്പര്യവുമുണ്ടായി. പ്രിൻസിപ്പസലിനെതിരായ രണ്ടാം നടപടിയും അധികാര ദുർവിനിയോഗത്തിന്റെ ഭാഗമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഒരു പ്രിൻസിപ്പലിനെ ഘെരാവോ ചെയ്യാനും ആക്രമിക്കാനും എസ്എഫ്‌ഐയ്‌ക്ക് എന്ത് അവകാശമെന്ന് കോടതി ചോദിച്ചു. ഒരാളുടെ അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടനാ അവകാശമാണ്. അച്ചടക്ക നടപടിയെടുത്ത് അതിനെ ഹനിക്കാൻ ആകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
കുടിവെളള പ്രശ്‌നം ഉന്നയിച്ച വിദ്യാർത്ഥികളെ പ്രിൻസിപ്പൽ ചേംബറിൽ പൂട്ടിയിട്ടെന്ന ആരോപണത്തിലായിരുന്നു പ്രിൻസിപ്പലിനെതിരെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. എന്നാൽ എസ്എഫ്‌ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ ക്യാമ്പസിൽ അനാശാസ്യവും മയക്കുമരുന്ന് വിൽപനയും നടന്നുവെന്നും ഇത് ചോദ്യം ചെയ്തതാണ് തനിക്കെതിരായ പ്രതിഷേധത്തിന് കാരണമെന്നും രമ പിന്നീട് വെളിപ്പെടുത്തിയിരുന്നു.
രമയെ കോളജിൽ തടയുമെന്ന്് എസ്എഫ്‌ഐ ഭീഷണിപ്പെടുത്തിയതോടെ ഇവർ വിരമിക്കൽ സമയം വരെ ദീർഘകാല അവധിയിൽ പ്രവേശിക്കുകയായിരുന്നു. എസ്എഫ്‌ഐ അക്രമത്തെ തുടർന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് ചികിത്സ തേടാനാണ് അവധിയെന്നും അവർ വ്യക്തമാക്കിയിരുന്നു.
2022 ൽ അഡ്മിഷൻ സമയത്ത് പിജി പ്രവേശനത്തിന് എത്തിയ കുട്ടിയോട് മോശമായി പെരുമാറിയെന്ന് കാണിച്ച് രമയ്‌ക്കെതിരെ രണ്ടാമതും അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. മാർച്ച് 31 ന് വിരമിക്കാനിരിക്കെയാണ് ഡയറക്ടർ രണ്ടാം കുറ്റപത്രം നൽകിയത്. എന്നാൽ 2022 നവംബറിൽ ഈ വിദ്യാർത്ഥിനിക്ക് ടിസി നൽകിയതിന്റെ രേഖകൾ സഹിതം രമ സർവ്വകലാശാലയ്‌ക്ക് വിശദീകരണം നൽകിയിരുന്നു.