തേയിലക്കാടുകളിൽ തീപാറുന്ന പോരാട്ടം; ഇത്തവണ ഇടുക്കിയുടെ കാറ്റ് എങ്ങോട്ട്

Published by
Janam Web Desk

കേരളത്തിന്റെ മിടുക്കിയായ ഇടുക്കി

സു​സുഗന്ധദ്രവ്യങ്ങളുടെ ​കാറ്റേറ്റ്, തേയിലക്കാടുകളിൽ മഞ്ഞുവെള്ളത്തിന്റെ കുളിർമയിൽ കൊല്ലിയിൽ കൊളുന്ത് നുള്ളിയിടുന്ന കാഴ്ച കണ്ട്, ഏലക്കാടുകളിലെ മനം നിറയ്‌ക്കുന്ന മണം ആസ്വദിച്ച്, കുന്നും മലയും കയറി യാത്ര  ആസ്വദിക്കണമെങ്കിൽ ഇടുക്കിക്ക് വണ്ടി കേറുക തന്നെ വേണം. അത്രമാത്രം സുന്ദരിയാണ് കേരളത്തിന്റെ ഹൃത്തിലുള്ള ഇടുക്കി. അത്രത്തോളം തന്നെ വൈവിധ്യമാണ് ഇടുക്കി മണ്ഡലത്തിലുള്ളത്.

ഏറ്റവും വലിയ ഭൂപ്രദേശമുള്ള പാർലമെന്റ് മണ്ഡലം

കേരളത്തിലെ ഏറ്റവും വലിയ ഭൂപ്രദേശമുള്ള പാർലമെന്റ് മണ്ഡലമാണ് ഇടുക്കി. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയും കോതമം​ഗലവും ഇടുക്കി ജില്ലയിലെ ദേവികുളം, ഉടുമ്പൻചോല, പീരുമേട്, തൊടുപുഴ, ഇടുക്കി നിയമസഭ മണ്ഡലങ്ങളും ഉൾക്കൊള്ളുന്നതാണ് ഇടുക്കി ലോക്സഭ മണ്ഡലം. തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ ഇടുക്കിയിലും ടോപ്പ് ​ഗിയറിൽ തന്നെയാണ്.

കളിക്കളത്തിൽ പ്രഗത്ഭർ 

കേരളത്തിന്റെ മിടുക്കിയായ ഇടുക്കിയിൽ മിടുമിടുക്കരായ സ്ഥാനാർത്ഥികളാണ് ഇത്തവണ പേരാട്ടത്തിന് ഇറങ്ങുന്നത്. ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. സംഗീത വിശ്വനാഥാണ് ഇത്തവണ എൻഡിഎ ടിക്കറ്റിൽ കളത്തിലിറങ്ങുന്നത്. സിറ്റിം​ഗ് എംപി അഡ്വ. ഡീൻ കുര്യാക്കോസ് കൈപ്പത്തി ചിഹ്നത്തിൽ ജനവിധി തേടുമ്പോൾ മുൻ എംപി അഡ്വ. ജോയ്സ് ജോർജാണ് സിപിഎം സ്ഥാനാർത്ഥി. ഇതിന് പുറമേ റസൽ ജോയ് (ബഹുജൻ സമാജ് പാർട്ടി), സജി ഷാജി (വിടുതലൈ ചിരുതൈകൾ കച്ചി), ജോമോൻ ജോൺ (സ്വതന്ത്രൻ), മനേഷ് (സ്വതന്ത്രൻ), പി.കെ. സജീവൻ (സ്വതന്ത്രൻ) എന്നിവരും മത്സരത്തിനിങ്ങുന്നുണ്ട്. പട്ടയം മുതൽ കാട്ടാന വരെ തെരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്നത് തീർച്ചയാണ്.

ഇടുക്കിയുടെ കാറ്റ്

ജില്ല രൂപീകൃതമായപ്പോൾ മുതൽ‌ ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടുക്കിയുടെ കാറ്റ് വലത്തേക്കാണ്. 2014 മുതൽ ഡീൻ-ജോയ്സ് പോരാട്ടത്തിനാണ് ഇടുക്കി മണ്ഡലം സാക്ഷ്യം വഹിക്കുന്നത്. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാ‍ർത്ഥിയായി എത്തിയ ജോയ്സ് ജോർജ് അന്ന് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന ഡീൻ‌ കുര്യാക്കോസിനെ പരാജയപ്പെടുത്തി. 2019-ൽ ഇത് നേരെ തിരിഞ്ഞു. കോൺ​ഗ്രസ് വീണ്ടും ഡീൻ കുര്യാക്കോസിനെ തന്നെ കളത്തിലിറക്കി മണ്ഡലം തിരികെ പിടിച്ചു.

1987-ൽ മണ്ഡലം പിറന്നപ്പോൾ മുതൽ 2009 വരെ ഒരിക്കൽ ഒഴികെ ഇടുക്കി യുഡിഫിനൊപ്പമായിരുന്നു. 1980-ൽ‌ സിപിഎമ്മിന്റെ എം.എം ലോറൻസ് മാത്രമാണ് അക്കാലത്ത് മണ്ഡലം സ്വന്തമാക്കിയത്. പിന്നീട് 2014-ലാണ് എൽഡിഎഫ് സ്വതന്ത്രനായി ജോയ്സ് ജോർജ് ജയിച്ചത്. എന്നാൽ 2019-ലെ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന്റെ ഡീൻ കുര്യാക്കോസിന് ഇവിടെ ജയിക്കാനായി.

തമിഴ് വംശജരെന്ന നിർണായക ഘടകം

കാറ്റ്

കാറ്റ് എങ്ങോട്ടാണ് ചലിക്കുകയെന്ന് ഉറപ്പിക്കാറായിട്ടില്ലെന്നാണ് രാഷ്‌ട്രീയ പാർട്ടികൾ തന്നെ പറയുന്നത്. രാജ്യത്ത് മോദി തരം​ഗം അലയടിക്കുന്നത് മണ്ഡലത്തിലും പ്രതിഫലിക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. നിരവധി കേന്ദ്ര പദ്ധതികളാണ് മണ്ഡലത്തിൽ നടപ്പിലാക്കിയിട്ടുള്ളത്. കാർഷികവൃത്തിയിലേർപ്പെട്ടിരിക്കുന്നവരാണ് മിക്കവരും. അത്തരക്കാർക്ക് കൈത്താങ്ങാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പോലുള്ള പദ്ധതികൾ‌. തമിഴ് വംശജരുടെ സാന്നിധ്യവുമുള്ള മണ്ഡലമാണ് ഇടുക്കി. ‌സംസ്ഥാനത്തെ അപേക്ഷിച്ച് നോക്കുമ്പോൾ‌ തമിഴ്നാട്ടിൽ ബിജെപി വൻ വളർച്ചയാണ് കൈവരിക്കുന്നത്. ‌ഈ കാവികാറ്റ് ഇടുക്കിയിലെ തമിഴ് വോട്ടർമാരെയും സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ.

കർഷകർ‌ പൊന്നു വിളയിക്കുന്ന ഇടുക്കിയെ അലട്ടുന്ന പ്രധാന പ്രശ്നം വന്യമൃ​ഗ ശല്യവും പട്ടയപ്രശ്നവുമാണ്. വേണ്ട വിധത്തിൽ വികസനമെത്താതും ഇവിടുത്തെ പരിമിതിയാണ്. ഇവ പരിഹരിക്കപ്പെടേണ്ടത് തന്നെയാണ്. മണ്ഡലത്തിലെ ജനങ്ങൾ ഒരേ ശബ്ദത്തിൽ ആവശ്യപ്പെടുന്നതും അതുതന്നെയാണ്.

ഉയരുന്ന ബിജെപി വോട്ട് വിഹിതം

ഓരോ തെരഞ്ഞെടുപ്പിലും ബിജെപിയുടെ വോട്ട് വിഹിതം വർദ്ധിക്കുന്നത് പ്രതീക്ഷ നൽകുന്നുണ്ട്. മാറ്റത്തിന്റെ ശംഖൊലി മുഴക്കാൻ ഇടുക്കിയും തയ്യാറാണെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്. 2014-ലെ തെരഞ്ഞെടുപ്പിൽ ആകെ 8,19,766 പേരാണ് വോട്ട് ചെയ്തത്. ബിജെപി സ്ഥാനാർത്ഥിയായിരുന്ന സാബു വർ​ഗീസ് അന്ന് 6.15 ശതമാനം വോട്ടുകളായിരുന്നു നേടിയത്. ‌‌‌2019-ൽ‌ 8.55 ശതമാനം വോട്ടുകളാണ് ബിജെപി മണ്ഡലത്തിൽ സ്വന്തമാക്കിയത്. രാജ്യത്ത് കഴിഞ്ഞ ‌പത്ത് വർഷമായി പ്രതിഫലിച്ച് കൊണ്ടിരിക്കുന്ന മോദി തരം​ഗം ചെറിയ രീതിയിൽ ഇടുക്കിയിലും പ്രതിഫലിക്കുന്നു.

ഇവർ‌ വിധി നിർണയിക്കും

12,51,189 പേരാണ് ഇത്തവണ ഇടുക്കി മണ്ഡലത്തിൽ‌ ജനവിധിയെഴുതുന്നത്. 2019-ൽ 12,03,258 വോട്ടർമാരായിരുന്നു. 6,​15,​084 പുരുഷ വോട്ടർമാരും 6,​35,​064 സ്ത്രീ വോട്ടർമാരും ഒമ്പത് ഭിന്നലിംഗക്കാരും ഇതിൽ ഉൾപ്പെടുന്നു. 18,748 കന്നിവോട്ടർമാരാണ് ഇത്തവണ വോട്ട് ചെയ്യുക. 85 വയസിന് മുകളിൽ പ്രായമുള്ള 12,​797 പേരാണുള്ളത്. സർവീസ് വോട്ടർമാരും ഇടുക്കിയിൽ വോട്ടിടും. ഏപ്രിൽ 26-നാണ് വോട്ടെടുപ്പ്. ജൂൺ നാലിന് ഫലം അറിയാം.

എഴുതിയത് 

അശ്വതി സതീഷ് 

Share
Leave a Comment