ന്യൂഡൽഹി: തമാശ പറഞ്ഞതിന് വിമാനത്തിൽ നിന്നും യാത്രക്കാരെ പുറത്താക്കി അധികൃതർ. ബോംബ് ഉണ്ടെന്ന രീതിയിൽ അധികൃതരോട് തമാശയായി സംസാരിച്ച യുവതികളെയാണ് വിമാനത്തിൽ നിന്നും പുറത്താക്കിയത്. മാർച്ച് 29-ന് ഡൽഹിയിൽ നിന്ന് മുംബൈലേക്ക് സർവീസ് നടത്തിയ വിസ്താര എയർലൈൻസിന്റെ വിമാനത്തിലാണ് സംഭവം.
വിമാനം പുറപ്പെടുന്നതിന് മുമ്പ് ക്യാബിൻ ബാഗുകൾ പരിശോധിക്കാൻ ഉദ്യോഗസ്ഥർ എത്തിയിരുന്നു. വിമാനത്തിൽ ബോംബ് ഉള്ളതുകൊണ്ടാണോ, വീണ്ടും പരിശോധിക്കുന്നതെന്ന് യാത്രക്കാരിൽ ഒരു സ്ത്രീ തമാശയായി ചോദിച്ചു. എന്നാൽ, വിഷയത്തിൽ തമാശ പറയരുതെന്ന് ഉദ്യോഗസ്ഥൻ യാത്രക്കാരിയോട് ആവശ്യപ്പെട്ടെങ്കിലും സ്ത്രീ തമാശ പറയുന്നത് തുടർന്നു. കൂടാതെ, സഹയാത്രികയോട് ഇതേ വിഷയം ആവർത്തിക്കുകയും ചെയ്തു. ഇതിനെ തുടർന്നാണ്, സ്ത്രീകൾക്കെതിരെ നിയമനടപടി സ്വീകരിച്ചത്.
ബോംബ് ഭീഷണിയെക്കുറിച്ച് സംസാരിച്ച വനിത യാത്രക്കാരെയും വിമാനത്തിൽ നിന്നും പുറത്താക്കി. ഇരുവരെയും സുരക്ഷാ ഏജൻസിക്ക് കൈമാറുകയും ചെയ്തു. വിമാനത്തിൽ ബോംബിനെകുറിച്ചുള്ള ഇത്തരം സംഭാഷണങ്ങൾ അനുവദനീയമല്ലെന്നും എയർലൈൻ അറിയിച്ചു.