ഡെറാഡൂൺ: ചാർധാം യാത്രയ്‌ക്ക് തുടക്കം കുറിക്കാൻ ഒരു മാസം കൂടി. മെയ് 10 ന് കേദാർനാഥ് നട തീർത്ഥാടകർക്കായി തുറക്കും. രാവിലെ ഏഴ് മണിക്കാണ് നട തുറക്കുക.
രണ്ട് ദിവസത്തിന് ശേഷം മെയ് 12 ന് രാവിലെ 6 മണിക്ക് ബദരീനാഥ് ക്ഷേത്രത്തിലെയും നട തുറക്കും. അക്ഷയതൃതീയ ദിനമായിരിക്കും ഗംഗോത്രി ധാം തീർത്ഥാടകർക്കായി തുറക്കുക. എന്നാൽ യമുനോത്രി ധാമിന്റെ ക്ഷേത്ര നട തുറക്കുന്ന തീയതി നിശ്ചയിച്ചിട്ടില്ല. മെയ് 10-ന് തുറക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇത് പിന്നീട് മാറ്റുകയായിരുന്നു.
ഹിമാലയത്തിൽ സ്ഥിതി ചെയ്യുന്ന ഗംഗോത്രി, യമുനോത്രി, കേദാർനാഥ്, ബദരീനാഥ് എന്നീ നാല് തീർത്ഥാടന കേന്ദ്രങ്ങൾ ഉൾക്കൊള്ളുന്നതാണ് ചാർധാം തീർത്ഥാടനം. ഓരോ വർഷവും ആയിരക്കണക്കിന് തീർത്ഥാടകരാണ് ഈ ക്ഷേത്രങ്ങളിൽ എത്തുന്നത്. ഹിമാലയൻ മലനിരകളിലായതിനാൽ മഞ്ഞ് വീഴ്ചയുടെ സമയം കണക്കാക്കിയാണ് ക്ഷേത്രത്തിലേക്ക് തീർത്ഥാടകരെ പ്രവേശിപ്പിക്കുക.















