തിരുവനന്തപുരം: ഹൃദ്രോഗികളെ വലച്ച് സർക്കാർ. സർക്കാർ കുടിശിക നൽകാത്തതിനാൽ ശസ്ത്രക്രിയയ്‌ക്ക് ആവശ്യമായ ജീവൻ രക്ഷാ ഉപകരണങ്ങൾ നൽകാതെ കമ്പനിക്കാർ സമരത്തിലാണ്.കാർഡിയോളജി, കാർഡിയോ വാസ്കുലാർ ആൻഡ് തൊറാസിക് സർജറി സാമഗ്രികളുടെ വിതരണമാണ് നിലച്ചത്. പേസ് മേക്കർ, ആൻജിയോ പ്ലാസ്റ്റിക്കിന് ആവശ്യമായ സ്റ്റെൻ്റ്, ബലൂൺ, വാൽവ് തുടങ്ങിയവയുടെ വിതരണമാണ് മുടങ്ങിയത്.
സംസ്ഥാനത്തെ 19 സർക്കാർ ആശുപത്രികൾ ആകെ 143 കോടി രൂപയാണ് കുടിശിക ഇനത്തിൽ നൽകാനുള്ളത്. പാലക്കാട് ജനറൽ ആശുപത്രി 1.36 കോടി രൂപ കുടിശിക ഇനത്തിൽ നൽകിയതോടെ അവിടുത്തെ സമരം കമ്പനികൾ അവസാനിപ്പിച്ചെങ്കിലും മറ്റിടങ്ങളിൽ സമരം ശക്തമാണ്.
എല്ലാ ആശുപത്രികളിലും ഇനി ഒരാഴ്ചത്തേക്കുള്ള ശസ്ത്രക്രിയ ഉപകരണങ്ങൾ മാത്രമാണുള്ളത്. 2022 ഒക്ടോബർ മുതലുള്ള കുടിശികയാണ് കമ്പനികൾ ആവശ്യപ്പെടുന്നത്. എന്നാൽ സമരം അവസാനിപ്പിച്ചാ പണം അനുവദിക്കാമെന്ന നിലപാടിലാണ് സർക്കാർ. ഈ മത്സരത്തിനിടെ ആശങ്കയിലാകുന്നത് രോഗികളാണ്.















