പ്രേമലു എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയിൽ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് മമിത ബൈജു. തമിഴിൽ ഇതിനോടകം രണ്ട് സിനിമകളിൽ താരം അഭിനയിച്ച് കഴിഞ്ഞു. മമിത തെലുങ്കിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. തെലുങ്ക് യുവതാരം വിജയ് ദേവരക്കൊണ്ട നായകനാകുന്ന ചിത്രത്തിലൂടെയായിരിക്കും മമിതയുടെ തെലുങ്കിലേക്കുള്ള അരങ്ങേറ്റം.
നാനി നായകനായ ജേഴ്‌സി എന്ന ചിത്രത്തിന്റെ സംവിധായകൻ ഗൗതം ടിന്നനൂരിയും വിജയ് ദേവരക്കൊണ്ടയും ഒരുമിക്കുന്ന സിനിമയുടെ പ്രഖ്യാപനം കഴിഞ്ഞ ദിവസം നടന്നിരുന്നു. റിപ്പോർട്ടുകൾ അനുസരിച്ച് ഈ ചിത്രത്തിലായിരിക്കും മമിത നായികയായി അഭിനയിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.
വിഡി12 എന്ന് താൽക്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിൽ വിജയ് ദേവരക്കൊണ്ട പൊലീസ് വേഷത്തിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. കേശവ് ദീപക്, മണികണ്ഡൻ വാരാണസി, എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തും. സിത്താര എന്റർടെയ്ൻമെന്റാണ് ചിത്രം നിർമ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്.















