ചണ്ഡീഗഢ്: ബിജെപി നേതാവ് ഹേമമാലിനിക്കെതിരെ കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാല നടത്തിയ അധിക്ഷേപ പരാമർശത്തിൽ ഇടപെട്ട് ഹരിയാന സംസ്ഥാന വനിതാ കമ്മീഷൻ. വിവാദ പരാമർശത്തെ കുറിച്ച് വിശദീകരണം തേടി വനിതാ കമ്മീഷൻ രൺദീപ് സിംഗിന് സമൻസ് അയച്ചു. കോൺഗ്രസ് നേതാവിന്റെ പരാമർശം സത്രീകളുടെ അന്തസിനെയും അഭിമാനത്തെയും വ്രണപ്പെടുത്തുന്നതാണെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രൺദീപ് സിംഗ് ഹേമമാലിനിയെ കുറിച്ച് അധിക്ഷേപകരമായ പരാമർശം നടത്തിയത്. ഇതിന്റെ വീഡിയോ ബിജെപി നേതാവ് അമിത് മാളവ്യ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചതോടെയാണ് പുറംലോകം അറിഞ്ഞത്. തുടർന്ന് സുർജേവാലയ്‌ക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയർന്നത്.
രൺദീപ് സുർജേവാലയുടെ പരാമർശങ്ങൾ അപമാനകരമാണെന്ന് കാണിച്ച് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ രൺദീപ് സുർജേവാലയ്‌ക്ക് കമ്മീഷൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചു.
രൺദീപിന്റെ അധിക്ഷേപ പരാമർശം വിവാദമായതോടെ പ്രതികരിച്ച് ഹേമമാലിനിയും രംഗത്തെത്തി. ജനശ്രദ്ധ ലഭിക്കാനാണ് കോൺഗ്രസ് നേതാക്കളുടെ ശ്രമമെന്നും അതിനായി അവർ ജനപ്രീതിയുള്ള സ്ഥാനാർത്ഥികളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുകയാണെന്നും ഹേമമാലിനി പ്രതികരിച്ചു.