തൃശൂർ: കഴിഞ്ഞ ദിവസം കോൺഗ്രസ് പ്രവർത്തകർ ബിജെപിയിൽ ചേർന്നതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ ഉയർന്ന വിമർശനങ്ങളിൽ പ്രതികരിച്ച് പദ്മജാ വേണുഗോപാൽ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് പദ്മജ പ്രതികരണവുമായി രംഗത്തെത്തിയത്. തന്നോടൊപ്പം വരാൻ ഒരാളോടും ആവശ്യപ്പെട്ടിട്ടില്ലെന്നും കോൺഗ്രസിനോടുള്ള അതൃപ്തി അറിയിച്ചാണ് അവർ ബിജെപിയിലെത്തിയതെന്നും പദ്മജ ഫെയ്സ്ബുക്കിൽ കുറിച്ചു.
തൃശൂരിൽ ഇന്നലെ എനിക്കൊപ്പം ബിജെപിയിലേക്ക് വന്ന കോൺഗ്രസ് പ്രവർത്തകരാരും ഞാൻ ക്ഷണിച്ചിട്ട് വന്നതല്ല. കോൺഗ്രസ് വിട്ടുപോയപ്പോൾ ഒരാളോടും എനിക്കൊപ്പം വരാനും ഞാൻ ആവശ്യപ്പെട്ടില്ല. ഇന്നലെ വന്നവർ എന്നെ ഇങ്ങോട്ട് കോൺടാക്ട് ചെയ്ത് അവർക്കും കോൺഗ്രസ് പാർട്ടിയോടുള്ള അതൃപ്തി അറിയിച്ച് ബിജെപിയിലേക്ക് വന്നവരാണ്. ചേച്ചിയില്ലാത്ത കോൺഗ്രസിൽ ഞങ്ങളും ഇല്ല എന്ന തീരുമാനമാണ് അവർ എടുത്തത്.
സംസ്ഥാനത്തെ നിരവധി കോൺഗ്രസ് പ്രവർത്തകർ എന്നോട് കോൺഗ്രസ് പാർട്ടിയോടുള്ള അതൃപ്തി അറിയിക്കുന്നു. ഈ പാർലമെന്റ് തെരഞ്ഞെടുപ്പ് കഴിയുന്നതോടെ നിരവധി കോൺഗ്രസ് പ്രവർത്തകർ എനിക്കൊപ്പം ബിജെപിയിൽ ചേർന്ന് പ്രവർത്തിക്കാൻ കടന്നുവരും. സംശയമില്ല. എനിക്കൊപ്പം ബിജെപിയിലേക്ക് വന്ന എല്ലാവർക്കും സ്നേഹം നന്ദി- പദ്മജ ഫെയ്സ്ബുക്കിൽ കുറിച്ചു.
തൃശൂരിൽ കഴിഞ്ഞ ദിവസം 30-ഓളം കോൺഗ്രസ്, യൂത്ത് കേൺഗ്രസ് പ്രവർത്തകരാണ് ബിജെപിയിൽ ചേർന്നത്. തൃശൂർ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് മനു പള്ളത്ത്, അയ്യന്തോൾ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് രാധാകൃഷ്ണൻ എന്നിവരുൾപ്പെടെയാണ് ബിജെപിയിലെത്തിയത്. മുരളീ മന്ദിരത്തിൽ കരുണാകരന്റെ സ്മൃതി മണ്ഡപത്തോട് ചേർന്നുള്ള വേദിയിൽ വച്ച് പദ്മജ വേണുഗോപാലാണ് അംഗത്വം നൽകി പ്രവർത്തകരെ സ്വീകരിച്ചത്.