ഓൾറൗണ്ട് പ്രകടനവുമായി രാജസ്ഥാന്റെ അൺബീറ്റൺ റൺ അവസാനിപ്പിച്ച് ഗുജറാത്ത്. ആതിഥേയർ ഉയർത്തിയ 197 റൺസ് വിജയലക്ഷ്യം ഗുജറാത്ത് അവസാന പന്തിൽ മൂന്ന് വിക്കറ്റ് ശേഷിക്കെയാണ് മറികടന്നത്. ഗുജറാത്തിന് വേണ്ടി നായകൻ ഗില്ലാണ് പോരാട്ടം നയിച്ചത്. 44 പന്തിൽ 72 റൺസുമായി തിളങ്ങിയെങ്കിലും ഗുജറാത്തിന്റെ മദ്ധ്യനിര പരാജയപ്പെട്ടു. എന്നാൽ ക്രീസിൽ ഒരുമിച്ച റാഷിദ്-തെവാട്ടിയ സഖ്യമാണ് അസാദ്ധ്യമെന്ന് തോന്നിച്ച വിജയം ഗുജറാത്തിന് അനുകൂലമാക്കിയത്.
ഓപ്പണിംഗ് വിക്കറ്റ് സായ് സുദർശ (35) നൊപ്പം 64 റൺസിന്റെ പാർട്ണർ ഷിപ്പുണ്ടാക്കിയെങ്കിലും പിന്നീട് വന്നവർ പെട്ടെന്ന് മടങ്ങിയത് തിരിച്ചടിയായി. സീസണിലെ ആദ്യ മത്സരത്തിനിറങ്ങിയ കുൽദീപ് സെന്നാണ് മൂന്നു വിക്കറ്റ് പിഴുത് ഗുജറാത്ത് മദ്ധ്യനിരയെ കടപുഴക്കിയത്.രണ്ടു വിക്കറ്റെടുത്ത ചഹലും വലിയ പിന്തുണ നൽകി. വില്യംസണ് പകരമെത്തിയ മാത്യു വെയ്ഡ്(4), അഭിനവ് മനോഹർ(1) വിജയ് ശങ്കർ(16), എന്നിവർ നിറം മങ്ങി. ഷാരൂഖ് ഖാൻ(14) ക്യാമിയോയി. അവസാന നാലോവറിൽ 54 റൺസാണ് ഗുജറാത്ത് അടിച്ചുകൂട്ടിയത്.
രാഹുൽ തെവാട്ടിയ (22), റാഷിദ് ഖാൻ (24) ജോഡി അവസാന ഓവറുകളിൽ നടത്തിയ കടന്നാക്രമണമാണ് രാജസ്ഥാനെ വീഴ്‌ത്തിയത്.രണ്ടോവറിൽ എട്ടു റൺസ് മാത്രം വിട്ടുകൊടുത്ത ബോൾട്ടിനെ അവസാന ഓവറുകളിൽ കൊണ്ടുവരാത്തത് ആരാധകരെ പോലും ഞെട്ടിച്ചു. നേരത്തെ രാജസ്ഥാന് വേണ്ടി നായകൻ സഞ്ജു സാംസണും റിയാൻ പരാഗും മികച്ച പ്രകടനം നടത്തിയിരുന്നു.