ബൊഗോട്ട: എൽ നിനോ പ്രതിഭാസമുണ്ടാക്കിയ കാലാവസ്ഥാ മാറ്റം കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ടയിൽ വരൾച്ച രൂക്ഷമാക്കുന്നു. സംഭരണികളിൽ ജലനിരപ്പ് താഴ്ന്നതോടെ വരൾച്ച മറികടക്കാൻ വെളളത്തിന് റേഷൻ സംവിധാനം ഏർപ്പെടുത്തി.
തലസ്ഥാന നഗരത്തിന് സമീപത്തുള്ള 11 മുനിസിപ്പാലിറ്റികളിലാണ് റേഷൻ സംവിധാനം ഏർപ്പെടുത്തിയത്. ഈ പ്രദേശങ്ങളിൽ താമസിക്കുന്ന ഏകദേശം ഒമ്പത് ദശലക്ഷം ആളുകളെ ഇത് ബാധിക്കുമെന്നാണ് വിലയിരുത്തൽ.
2023 അവസാനത്തോടെയാണ് എൽ നിനോ പ്രതിഭാസം കൊളംബിയയിൽ എത്തുന്നത്. ഉയർന്ന താപനിലയും വരൾച്ചയും വലയ്‌ക്കുന്നതിന് പുറമേ ചൂട് കൂടിയപ്പോൾ കാട്ടുതീയും വ്യാപകമായി. കഴിഞ്ഞ ദശാബ്ദങ്ങളിലെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് സംഭരണികളിലെ ജലനിരപ്പ് എത്തിയിരിക്കുന്നത്.
ബൊഗോട്ടയ്‌ക്ക് ആവശ്യമായ 70 ശതമാനം ജലവും വിതരണം ചെയ്യുന്ന ചിംഗാസ ഡാമിലെ ജലനിരപ്പ് 16.7 ശതമാനത്തിലെത്തി. നാൽപത് വർഷത്തെ ഏറ്റവും താഴ്ന്ന നിലയാണിതെന്ന് അധികൃതർ അറിയിച്ചു.
റേഷനിംഗ് പ്ലാൻ അനുസരിച്ച് വിവിധ സോണുകളാക്കി ബൊഗോട്ടയെ വിഭജിക്കും. ഒമ്പത് മേഖലകളിൽ 24 മണിക്കൂറും ജലസേചനം ലഭിക്കുന്നത് കുറയ്‌ക്കും. കൃത്യമായ ഇടവേളകളിൽ മാത്രമാകും ഇനി ജലം ലഭിക്കുക. രണ്ടാഴ്ച കൂടുമ്പോൾ ജലത്തിന്റെ അളവിൽ അധികൃതർ പരിശോധന നടത്തും.
ഒരു തുള്ളി വെള്ളം പോലും പാഴാക്കാതെ സൂക്ഷ്മമായി ഉപയോഗിക്കണമെന്ന് മേയർ കാർലോസ് ഗാലൻ ചൂണ്ടിക്കാട്ടി. കാലാവസ്ഥാ വ്യതിയാനവും മഴയുടെ ലഭ്യതയിലുണ്ടായ കുറവും വർദ്ധിക്കുന്ന ജനസംഖ്യയും ജലക്ഷാമം രൂക്ഷമാകാൻ കാരണമായി എന്നാണ് വിലയിരുത്തൽ.