ന്യൂഡല്‍ഹി : ഇന്ത്യയില്‍ ഇലക്ട്രിക് കാര്‍ പ്ലാന്റ് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് റിലയന്‍സ് ഇന്‍ഡസ്ട്രീസുമായി പ്രമുഖ ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്‌ല ചര്‍ച്ച നടത്തിവരുന്നതായി റിപ്പോര്‍ട്ട് . ഇന്ത്യയിൽ തങ്ങളുടെ പ്രവർത്തനങ്ങൾ സ്ഥാപിക്കാൻ ഒരു പ്രാദേശിക പങ്കാളിയെ തേടുകയാണ് ടെസ്‌ല.
ഇന്ത്യയിൽ പ്ലാന്റ് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് ടെസ്‌ല ഗുജറാത്തും മഹാരാഷ്‌ട്രയും ഉൾപ്പെടെ വിവിധ സ്ഥലങ്ങൾ പരിശോധിക്കുന്നുണ്ട് . മഹാരാഷ്‌ട്രയാണ് ഏറ്റവും അനുയോജ്യമായ ഇടമായി നിലവിൽ തിരഞ്ഞെടുത്തതെന്നാണ് റിപ്പോർട്ട് . തുറമുഖ സൗകര്യം ഉള്‍പ്പടെ വിവിധ കാര്യങ്ങള്‍ കണക്കിലെടുത്ത് മഹാരാഷ്‌ട്രയ്‌ക്ക് ആണ് കൂടുതല്‍ മുന്‍തൂക്കം നല്‍കുന്നത് .
ഇന്ത്യയില്‍ പുതിയ സംരംഭം തുടങ്ങുന്നതിന് 200 കോടി ഡോളര്‍ ചെലവഴിക്കാനാണ് ടെസ്‌ല ഉദ്ദേശിക്കുന്നത്. പ്ലാൻ്റിന്റെ സ്ഥലം അന്തിമമാക്കുന്നതിനും റിലയൻസുമായുള്ള ഒരു സംയുക്ത സംരംഭം ഉറപ്പിക്കുന്നതിനും കൂടിയാണ് മസ്ക് ഇന്ത്യയിലെത്തുന്നത് .റിലയന്‍സുമായുള്ള ചര്‍ച്ച വിജയിച്ചില്ലെങ്കില്‍ മറ്റു ആഭ്യന്തര കമ്പനികളുമായി ചര്‍ച്ച ചെയ്യാനും പദ്ധതിയുണ്ട്.