കണ്ണൂർ: പാനൂരിൽ ബോംബ് നിർമ്മിക്കുന്നതിനിടെ സ്ഫോടനമുണ്ടായ കേസിൽ ഉൾപ്പെട്ടവർക്ക് സിപിഎമ്മുമായി ബന്ധമില്ലെന്ന് ആവർത്തിച്ച് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സിപിഎമ്മിന് വേണ്ടി ആയുധം ഉണ്ടാക്കാൻ ഡിവൈഎഫ്ഐയെ ചുമതലപ്പെടുത്തിയിട്ടില്ല. ഒരാളും പാർട്ടി അറിവോടെ അതിന് മുതിരേണ്ടെന്നും പാർട്ടി അത് ഉപയോഗിക്കുന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ബോംബ് നിർമാണ കേസിൽ സന്നദ്ധ പ്രവർത്തകനെ അറസ്റ്റ് ചെയ്തിട്ടുണ്ടോയെന്ന് പൊലീസും, ഡിവൈഎഫ്ഐക്കാർ ബോംബ് നിർമാണത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് ഡിവൈഎഫ്ഐയും പരിശോധിക്കട്ടെ. ആത്മസംയമനം പാലിച്ച് മുന്നോട്ട് പോകുന്ന സിപിഎമ്മിന് ബോംബ് ഉണ്ടാക്കേണ്ട കാര്യമില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. പ്രതികളുടെ സംഘടനാബന്ധം ജില്ലാ കമ്മിറ്റി പരിശോധിക്കുകയാണെന്ന് ഡിവൈഎഫ്ഐയും പറഞ്ഞു.
ബോംബ് നിർമിക്കാനവശ്യമായ വസ്തുക്കൾ വാങ്ങിയത് സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നിരുന്നു. ഡിവൈഎഫ്ഐ ഭാരവാഹിയാീയ ഷിജാലും ഷിബിൻ ലാലുമാണ് ബോംബ് നിർമിക്കാനുള്ള സാമഗ്രികൾ വാങ്ങിയയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സ്ഫോടക വസ്തുക്കൾ എവിടെ നിന്നെത്തിച്ചുവെന്നതിൽ അന്വേഷണം പുരോഗമിക്കുകയാണ്.