ന്യൂഡൽഹി: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. രാഹുൽ ഗാന്ധിയുടെ നേതൃത്വം സമ്പൂർണ പരാജയമാണെന്നും, പ്രധാനമന്ത്രിയുടെ വികസന പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ബിജെപി ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും യെദ്യൂരപ്പ വ്യക്തമാക്കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
” കർണാടകയിലുള്ള കോൺഗ്രസ് സർക്കാർ കേന്ദ്രസർക്കാരിന്റെ ഗ്രാന്റുകളെ കുറിച്ച് മാത്രമാണ് പറയുന്നത്. എന്നാൽ അതിന്റെ പ്രവർത്തനങ്ങളെ കുറിച്ച് അവർക്ക് യാതൊന്നും പറയാനില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേട്ടങ്ങളുടേയും അദ്ദേഹം നടത്തിയ വികസന പ്രവർത്തനങ്ങളുടേയും അടിസ്ഥാനത്തിലാണ് ഞങ്ങൾ ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാൽ കോൺഗ്രസുകാർ വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ കുറിച്ച് മറന്ന് പോയെന്ന് തോന്നുന്നതായും” അദ്ദേഹം പരിഹസിച്ചു.
കഴിഞ്ഞ പത്ത് മാസത്തിനിടെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഏഴ് കോടി തൊഴിലവസരങ്ങളാണ് സൃഷ്ടിച്ചത്. എന്നാൽ കഴിഞ്ഞ പത്ത് മാസത്തിനിടെ സിദ്ധരാമയ്യ സർക്കാർ യുവാക്കൾക്കായി തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ടോ എന്ന കാര്യം കോൺഗ്രസിന് അറിയാമോ എന്നും യെദ്യൂരപ്പ ചോദിച്ചു.