ഗാന്ധിനഗർ : ഹിന്ദുക്കൾക്ക് മതം മാറാൻ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കി ഗുജറാത്ത് . ബുദ്ധമതത്തെ പ്രത്യേക മതമായി കണക്കാക്കണമെന്നും ഹിന്ദുമതത്തിൽ നിന്ന് ബുദ്ധ, ജൈന, സിഖ് മതങ്ങളിലേക്കുള്ള പരിവർത്തനത്തിന് 2003ലെ ഗുജറാത്ത് മതസ്വാതന്ത്ര്യ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ബന്ധപ്പെട്ട ജില്ലാ മജിസ്‌ട്രേറ്റിന്റെ മുൻകൂർ അനുമതി വേണമെന്ന് ഗുജറാത്ത് സർക്കാർ വ്യക്തമാക്കി.
ബുദ്ധമതം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷകൾ ചട്ടപ്രകാരം പരിഗണിക്കുന്നില്ലെന്ന് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഏപ്രിൽ എട്ടിന് ആഭ്യന്തരവകുപ്പ് സർക്കുലർ പുറത്തിറക്കിയത്. ഡെപ്യൂട്ടി സെക്രട്ടറി (ആഭ്യന്തരം) വിജയ് ബധേക്കയാണ് സർക്കുലറിൽ ഒപ്പുവെച്ചത്.
ഗുജറാത്തിൽ, എല്ലാ വർഷവും ദസറയിലും മറ്റ് ആഘോഷങ്ങളിലും നടക്കുന്ന പരിപാടികളിൽ ദളിതർ കൂട്ടത്തോടെ ബുദ്ധമതം സ്വീകരിക്കാറുണ്ട്. നിയമപ്രകാരം ഹിന്ദുമതത്തില്‍ നിന്ന് ബുദ്ധ, സിഖ്, ജൈന മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിന് ഒരു നിശ്ചിത ഫോര്‍മാറ്റില്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും മതം മാറുന്ന വ്യക്തി ജില്ലാ മജിസ്‌ട്രേറ്റിനെ അറിയിക്കണം എന്നും പറയുന്നുണ്ട്. ഈ വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയതെന്ന് ആഭ്യന്തരവകുപ്പിലെ ഉദ്യോഗസ്ഥർ അറിയിച്ചു.
നിയമ വ്യവസ്ഥകൾ വിശദമായി പഠിച്ച് സംസ്ഥാന സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ പാലിച്ച് മതപരിവർത്തനം നടത്തുന്നതിനുള്ള അപേക്ഷയിൽ തീരുമാനമെടുക്കാൻ ജില്ലാ മജിസ്‌ട്രേറ്റുകൾക്ക് സർക്കുലർ നിർദ്ദേശം നൽകുന്നു . .















